വയോജന ചികിത്സ: അഡ്മിറ്റും ഡിസ്ചാർജും നഴ്സിന് തീരുമാനിക്കാം; നിർണായക മാറ്റങ്ങളുമായി നിർദിഷ്ട നഴ്സിങ് കേഡർ – Nurse can decide admit and discharge in geriatric treatment | India News, Malayalam News | Manorama Online | Manorama News
വയോജന ചികിത്സ: അഡ്മിറ്റും ഡിസ്ചാർജും നഴ്സിന് തീരുമാനിക്കാം; നിർണായക മാറ്റങ്ങളുമായി നിർദിഷ്ട നഴ്സിങ് കേഡർ
റൂബിൻ ജോസഫ്
Published: November 01 , 2024 04:21 AM IST
1 minute Read
വയോജന നഴ്സിങ് പഠനത്തിൽ 15% തിയറി; ബാക്കി പ്രാക്ടിക്കൽ
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി ∙ വയോജന ചികിത്സയിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ പ്രാക്ടിഷണർ ഇൻ ജെറിയാട്രിക് നഴ്സിങ് (എൻപിജിഎൻ) യോഗ്യത നേടുന്നവർക്കു വയോജന രോഗികളുടെ ആശുപത്രി അഡ്മിഷൻ, ഡിസ്ചാർജ് എന്നിവ തീരുമാനിക്കാം. ജെറിയാട്രിക് വാർഡിലേക്കു രോഗിയെ പ്രവേശിപ്പിക്കണോ, എപ്പോൾ ഡിസ്ചാർജ് ചെയ്യണം, രോഗ നിർണയത്തിനുള്ള അടിസ്ഥാന കാര്യങ്ങൾ തുടങ്ങിയവയിൽ ഇവർക്കു നിർണായക പങ്കുണ്ടാകും.
പിജി പ്രോഗ്രാമിനു ബിഎസ്‌സി നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത. ബിരുദത്തിനുശേഷം ഒരു വർഷത്തെ വയോജന ചികിത്സാപരിചയം അധികയോഗ്യതായി പരിഗണിക്കുമെന്നു കൗൺസിൽ വ്യക്തമാക്കി. 2 വർഷ പ്രോഗ്രാമിൽ വിജയിക്കാൻ കുറഞ്ഞത് 60% മാർക്ക് നേടണം. പൂർത്തിയാക്കാൻ പരമാവധി 4 വർഷമേ ലഭിക്കൂ. 15% മാത്രം തിയറി പഠനവും ബാക്കി ക്ലിനിക്കൽ അധിഷ്ഠിത പ്രാക്ടിക്കൽ പഠനവുമാണു നിർദേശിക്കുന്നത്. ജെറിയാട്രിക് (വയോജന) പരിചരണ യൂണിറ്റുകളിലെ പരിശീലനം നിർബന്ധം.
ബിഎസ്‌സി നഴ്സിങ്, എംഎസ്‌സി നഴ്സിങ് സൗകര്യമുള്ള, കൗൺസിൽ അംഗീകരിച്ച കോളജുകൾക്കും മെഡിക്കൽ കോളജുകൾക്കും എൻപിജിഎൻ തുടങ്ങാൻ പ്രത്യേക എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്ത സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിൽനിന്ന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനുപുറമേ, 200 കിടക്കയിൽ കൂടുതലുള്ള ആശുപത്രി, 30 കിടക്കയുള്ള ജെറിയാട്രിക് വാർഡ്, വയോജന കേന്ദ്രവുമായുള്ള അഫിലിയേഷൻ, നഴ്സിങ്–അധ്യാപക സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകുക.
എൻപിജിഎൻ പഠിച്ചാൽ
∙അടിയന്തര ചികിത്സയിൽ ആവശ്യമായ മരുന്ന് ആശുപത്രി പ്രോട്ടോകോൾ പ്രകാരം നൽകാനും അടിസ്ഥാന ചികിത്സ നിർദേശിക്കാനും എൻപിജിഎൻ യോഗ്യതയുള്ളവർക്കു കഴിയും. ഇസിജി, എബിജി, ചെസ്റ്റ് എക്സ്റേ, അടിസ്ഥാന ബയോകെമിസ്ട്രി പരിശോധനകൾ, അടിസ്ഥാന മൈക്രോബയോളജി പരിശോധനകൾ എന്നിവയും നിർദേശിക്കാം.
English Summary:
Nurse can decide admit and discharge in geriatric treatment
mo-health-healthnews mo-health-nurse 7vnfh6kvli4t5huqut1vroq0ro mo-news-common-malayalamnews rubin-joseph 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-geriatrics
Source link