കെ.പ്രസന്നകുമാർ | Friday 01 November, 2024 | 12:45 AM
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതിന് കാരണക്കാരിയായ പി.പി. ദിവ്യ ജയിലിലായിട്ടും സംഘടനാ നടപടിയെടുക്കാത്തത് സി.പി.എമ്മിനെ വിവാദ കുരുക്കിലാക്കിയപ്പോൾ, കെ. മുരളീധരന്റെ പുതിയ വെളിപ്പെടുത്തൽ കോൺഗ്രസിന് ആഘാതമായി. കൊടകര കുഴൽപ്പണക്കേസിൽ മുൻ ഓഫീസ് സെക്രട്ടറിയുടെ തുറന്നു പറച്ചിലിന്റെ പ്രതിസന്ധിയിലാണ് ബി.ജെ.പി.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തുദിവസം ശേഷിക്കെ, വിവാദങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുമുള്ള തത്രപ്പാടിലാണ് മൂന്ന് മുന്നണികളും. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ ചോദ്യം ചെയ്യാൻ പൊലും തയ്യാറാവാതിരുന്ന പൊലീസിന്റെ നാണം കെട്ട നടപടിയാണ് സി.പി.എമ്മിന്റെ മുഖം വികൃതമാക്കിയത്. പ്രചാരണത്തിൽ മുഖ്യ ചർച്ചയായ ഈ ആയുധത്തിന് മൂർഛ കൂട്ടി ചുളുവിൽ നേട്ടം കൊയ്യാമെന്ന ആശ്വാസത്തിലായിരുന്നു കോൺഗ്രസും, ബി.ജെ.പിയും. പക്ഷേ, വിവാദങ്ങൾ അവരെയും തിരിഞ്ഞുകൊത്തുകയാണ്.
ദിവ്യയെ പുറത്താക്കാതെ സി.പി.എം
ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതും, റിമാൻഡിലായതുമാണ് പാർട്ടി നവീൻ ബാബുവിനൊപ്പമാണെന്നതിന് തെളിവായി സി.പി.എം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു സമ്മതിച്ചതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പൊലീസിന് നൽകിയ മൊഴി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. തുടക്കത്തിലേ സംശയ നിഴലിലായിരുന്ന കളക്ടറെ സർക്കാർ മാറ്റിയിട്ടില്ല. എ.ഡി.എമ്മിന് കൈക്കൂലി നൽകിയെന്ന് പറഞ്ഞതിനോ, വ്യാജ ഒപ്പിട്ട പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയതിനോ പരാതിക്കാരൻ പ്രശാന്തനെ പൊലീസ് പ്രതി ചേർത്തിട്ടുമില്ല. ഇതും ദിവ്യയെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് പ്രചാരണം. ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് മാറ്റാനും കണ്ണൂർ ജില്ലാക്കമ്മിറ്റി തയ്യാറായിട്ടില്ല.
വീണ്ടും തുറന്ന് കുഴൽപ്പണക്കേസ്
തൃശൂർ പൂരം കലക്കൽ പോലെ ബി.ജെ.പിയെയും, സി.പി.എമ്മിനെയും വെട്ടിലാക്കുന്നതായി കൊടകര കുഴൽപ്പണക്കേസ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്ന് കാറിൽ കൊണ്ടു വന്ന മൂന്നരക്കോടി രൂപ വ്യാജ അപകടമുണ്ടാക്കി തട്ടിച്ചെന്നാണ് കേസ്. പണം പാർട്ടിക്കായി കൊണ്ടു വന്നതാണെന്നായിരുന്നു ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തീരൂർ സതീശന്റെ വെളിപ്പെടുത്തൽ. കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതും, ഇ.ഡി കേസ് ഏറ്റെടുക്കാതിരുന്നതും സി.പി.എം-ബി.ജെ.പി ധാരണയുടെ ഭാഗമായാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
അപമാനിച്ചെന്ന് കെ. മുരളീധരൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് ഡി.സി.സി തന്റെ പേര് നിർദ്ദേശിച്ചെങ്കിലും മുതിർന്ന നേതാവ് അപമാനിച്ചതിനാലാണ് പിന്മാറിയതെന്ന കെ. മുരളീധരന്റെ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ടാണ്. മുഖ്യമന്ത്രിയാവണമെന്ന് താൻ വിചാരിച്ചാലും നടക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രതികരണവും പാർട്ടി നേതൃത്വത്തിലെ ചേരിപ്പോര് തുറന്നു കാട്ടുന്നതായി.
Source link