judge ജോബിൻ സെബാസ്റ്റ്യൻ
കൊച്ചി: ജില്ലാ ജഡ്‌ജി പദവിയിലുള്ള അഞ്ച് ജുഡിഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിമാരായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. പി. കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീ കൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇതോടെ ഹൈക്കോടതി ജഡ്ജിമാർ 45 ആയി ഉയരും. രണ്ടുവർഷത്തിന് ശേഷം സ്ഥിരം ജഡ്ജിമാരാവും.
പി. കൃഷ്ണകുമാർ
ഹൈക്കോടതി രജിസ്ട്രാർ ജനറൽ. 2012ൽ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തും കൊല്ലത്തും അഡിഷണൽ ജില്ലാ ജഡ്ജിയും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായി. തദ്ദേശ വകുപ്പ് ട്രൈബ്യൂണൽ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായി. എറണാകുളം എൻ.ഐ.എ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ്, നയതന്ത്ര പാഴ്‌സൽ സ്വർണ്ണക്കടത്ത് കേസ് തുടങ്ങിയവയിൽ വിധിപറഞ്ഞു.
തിരുവനന്തപുരത്ത് അഡിഷണൽ ജില്ലാ ജഡ്ജി ആയിരിക്കുമ്പോൾ ബണ്ടി ചോർ എന്ന മോഷ്ടാവിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡിഷ്യറി) ആയും പ്രവർത്തിച്ചു.
മുൻ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥൻ ആലപ്പുഴ വണ്ടാനം പുത്തൻവീട്ടിൽ പരേതനായ ജി. പരമേശ്വര പണിക്കരുടെയും ഇന്ദിര പണിക്കരുടെയും മകനാണ്. ഭാര്യ: അഡ്വ. ശാലിനി . മക്കൾ: കെ. ആകാശ് (വിദ്യാർത്ഥി, ഐസർ, മൊഹാലി), നിരഞ്ജൻ, നീലാഞ്ജന (എളമക്കര ഭവൻസ് വിദ്യാമന്ദിർ വിദ്യാർത്ഥികൾ).
കെ.വി. ജയകുമാർ
ഹൈക്കോടതിയിൽ രജിസ്ട്രാർ (വിജിലൻസ്). 2012 ൽ ജില്ലാ ജഡ്ജിയായി. തലശേരി, പാലക്കാട് അഡിഷണൽ ജില്ലാ ജഡ്ജി, കോഴിക്കോട് വിജിലൻസ് ജഡ്ജി, തലശ്ശേരി, കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പദവികൾ വഹിച്ചു. തൃശൂർ കണിമംഗലം മാളിയേക്കലിൽ പരേതനായ ഹരിദാസ് കർത്തയുടെയും കെ.വി. ഭാഗീരഥി തമ്പായിയുടെയും മകനാണ്. ഭാര്യ: വിദ്യ കൃഷ്ണൻ. മക്കൾ: അമൃത, സ്‌നേഹ.
എസ്. മുരളീ കൃഷ്ണ
കോഴിക്കോട് ജില്ലാ ജഡ്ജി. 2014 മാർച്ച് 14 ന് നേരിട്ട് ജില്ലാ ജഡ്ജിയായി. കോഴിക്കോട്, പാലക്കാട് അഡിഷണൽ ജില്ലാ ജഡ്ജി, മഞ്ചേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പദവികളും വഹിച്ചു. കാഞ്ഞങ്ങാട് സ്വദേശിയാണ്. നവചേതന വീട്ടിൽ പരേതനായ ഗംഗാധര ഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകൻ. ഭാര്യ: അർച്ചന. മക്കൾ: അക്ഷരി, അവനീഷ്. സഹോദരി എസ്. ഭാരതി ആലപ്പുഴ അഡിഷണൽ ജില്ലാ ജഡ്ജിയാണ്.
ജോബിൻ സെബാസ്റ്റ്യൻ
ഹൈക്കോടതിയിൽ രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡിഷ്യറി). 2014 മാർച്ച് 14ന് നേരിട്ട് ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജി, മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി, തലശ്ശേരി, ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പദവികൾ വഹിച്ചു. കരുവാറ്റ ജിഷ്ണു വധക്കേസ്, കല്ലറ ജസീന ജുവലറി കൊലക്കേസ്, മാവേലിക്കര പെട്രോൾ പമ്പ് കൊലക്കേസ് തുടങ്ങിയവയിൽ വിധി പറഞ്ഞു. പാല നീലൂർ സ്വദേശിയാണ്. മംഗലത്തിൽ എം.ഡി. സെബാസ്റ്റ്യന്റെയും ഗ്രേസിയുടെയും മകൻ. ഭാര്യ: ഡാലിയ. മക്കൾ: തെരേസ, എലിസബത്ത്, ജോസഫ്.
പി.വി. ബാലകൃഷ്ണൻ
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ്. 2014 മാർച്ച് 14ന് നേരിട്ട് ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജിയായും കാസർകോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായും പ്രവർത്തിച്ചു. തൃശൂർ പാവറട്ടി സ്വദേശി റിട്ടയേഡ് ജില്ലാ ജഡ്ജി വരദരാജ അയ്യരുടെയും പാപ്പയുടെയും മകനാണ്. ഭാര്യ: ഐശ്വര്യ. മക്കൾ: ഗായത്രി, തരുൺ.
Source link