മദ്യം വാങ്ങിയ പണത്തെച്ചൊല്ലി കൊലപാതകം; പ്രതിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം പിഴയും
കാസർകോട്: മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നടന്ന കൊലപാതക കേസിലെ പ്രതിയെ 16 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം കഠിന തടവ് അനുഭവിക്കാനും കാസർകോട് അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് വിധിച്ചു.
2020 നവംബർ 15 ന് വൈകുന്നേരം ആറു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കള സന്തോഷ് നഗറിലുള്ള വാടക കെട്ടിടത്തിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ മേസ്ത്രി എന്നു വിളിക്കുന്ന വിജയൻ മേസ്ത്രിയെയാണ് (63) അതേ കെട്ടിടത്തിൽ മറ്റൊരു മുറിയിൽ താമസിക്കുകയായിരുന്ന ആശാരിപ്പണിയെടുക്കുന്ന തമിഴ്‌നാട് സ്വദേശി മുരുഗൻ (48) കൊലപ്പെടുത്തിയത്.
വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് സബ് ഇൻസ്പെക്ടർ എം.വി. വിഷ്ണുപ്രസാദും തുടർന്ന് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജും ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
വീട്ടിൽ അതിക്രമിച്ചു കയറൽ 449 ഐ.പി.സി, മനഃപൂർവ്വമല്ലാത്ത നരഹത്യ 304 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
34 സാക്ഷികൾ, 14 തൊണ്ടിമുതലുകൾ
നേരിട്ടുള്ള ദൃക്സാക്ഷി ഇല്ലാത്ത കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവ സമയം കൊല്ലപ്പെട്ട വിജയൻ മേസ്ത്രിയുടെ മുറിയിലുണ്ടായിരുന്ന സുഹൃത്തായ ഇബ്രാഹിം കരിമിന്റെ മൊഴിയും വിജയന്റെ മുറിയിൽ നിന്നും കണ്ടെടുത്ത മുതലുകളിൽ കാണപ്പെട്ട പ്രതിയുടെ രക്തവും, വിരലടയാളവും, സ്ഥലത്തെ ഫാത്തിമാ ട്രാവൽസ് എന്ന കടയിലെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണ്ണായകമായ തെളിവുകളായി.
Source link