പാലക്കാട്ടെ അപരന്മാർ; ബിജെപി ചായ്‌വ് മാത്രമേ ഉള്ളുവെന്ന് രാഹുൽ ആർ, അപരനല്ല സ്ഥാനാർത്ഥിയെന്ന് രാഹുൽ മണലാഴി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് അപരന്മാരായി രണ്ടുപേർ. രാഹുൽ ആർ, രാഹുൽ മണലാഴി എന്നിവരാണത്. ഒരു മാദ്ധ്യമത്തോട് ഇരുവരും പ്രതികരിച്ചിരുന്നു. തനിക്ക് ബിജെപി ചായ്‌വ് മാത്രമേ ഉള്ളുവെന്നാണ് മൂത്താന്തറ സ്വദേശിയായ രാഹുൽ ആർ പറഞ്ഞത്. സ്വന്തം നിലയിലാണ് മത്സരിക്കുന്നതെന്നും ബിജെപിക്കാർ ആവശ്യപ്പെട്ടതുകൊണ്ടല്ല മത്സരിക്കുന്നതെന്നും രാഹുൽ ആർ വ്യക്തമാക്കി. എന്നാൽ, ഇയാളെ അറിയില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ.

സിപിഎമ്മുമായി ബന്ധമില്ലെന്നും സ്വന്തം നിലയിൽ സ്ഥാനാർത്ഥി ആയതാണെന്നുമാണ് കണ്ണാടി സ്വദേശിയായ രാഹുൽ മണലാഴി പറഞ്ഞത്. അപരനായിട്ടല്ല മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മണലാഴി സരിനൊപ്പം നിൽക്കുന്ന ചിത്രം ഇതിനിടെ പുറത്തുവന്നു. ഇയാൾ കണ്ണാടി ലോക്കലിലെ കടക്കുറിശി ബ്രാഞ്ച് അംഗമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് രാഹുൽ മണലാഴി അപരനായി നിന്നതെന്നും കണ്ണാടി പഞ്ചായത്ത് യുഡിഎഫ് പ്രചാരണ സമിതി കൺവീനർ വിനേഷ് പറഞ്ഞു. എന്നാൽ, ഈ ആരോപണം സിപിഎം നിഷേധിച്ചു.


Source link
Exit mobile version