വിവാഹത്തിന്റെ മൂന്നാം നാൾ ഭാര്യയുടെ 52 പവൻ സ്വർണം പണയം വച്ചു; പണവുമായി മുങ്ങിയ 34കാരൻ പിടിയിൽ
വർക്കല: ഭാര്യയുടെ സ്വർണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34)വാണ് പിടിയിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി.
യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തുന്നതിന് ഒരു ലക്ഷം രൂപ യുവതി നൽകണമെന്നും അനന്തുവിന്റെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കൂടാതെ അനന്തു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതായും പൊലീസിൽ യുവതി മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്കുമാരി, സഹോദരൻ അമൽ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസ് കേസെടുത്തു. ഇതോടെ അനന്തു കിട്ടിയ പണവുമായി മുങ്ങി. കേരളത്തിൽ പലയിടങ്ങളിലും ബംഗളൂരുവിലും ഒളിവിൽ താമസിച്ചുവരവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി.
Source link