സ്വർണമോ ഡയമണ്ടോ? ദീർഘകാലത്തെ ലാഭത്തിനായി ഇതിലേതിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് അറിയുമോ?
സ്വർണത്തിന്റെ വില ദിനം പ്രതി കുതിച്ചുയരുകയാണ്. മാസങ്ങൾക്കുള്ളിൽ പതിനായിരത്തിലധികമാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഉയർന്നത്. ആഭരണം എന്നതിലുപരിയായി ഏറ്റവും മികച്ച നിക്ഷേപ മാർഗം എന്ന രീതിയിലേക്ക് സ്വർണത്തെ സാധാരണജനങ്ങൾ പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്വർണം പോലെയോ അല്ലെങ്കിൽ അതിൽ കൂടുതലോ വിലയേറിയ നിക്ഷേപമാണ് ഡയമണ്ട്. എന്നാൽ മലയാളികൾക്കിടയിൽ മഞ്ഞലോഹത്തിനുള്ള സ്വീകാര്യത ഡയമണ്ടിന് വന്നിട്ടില്ല. അതിന് കാരണങ്ങൾ പലതാണ്.
ഡയമണ്ടിന്റെ പ്യൂരിറ്റിയിൽ ഒരു സർക്കാർ സംവിധാനത്തിന്റെ മുദ്രണം അഥവാ ഗ്യാരന്റി ഇല്ല എന്നതു തന്നെയാണ് പ്രഥമ കാരണം. സ്വർണത്തിന്റെ കാര്യമെടുത്താൽ ഇന്ത്യയിൽ അതിന്റെ പവിത്ര നിർണയിക്കുന്നത് കേന്ദ്രസർക്കാർ ഏജൻസിയായ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ആണ്. ബിഐഎസ് ഹാൾമാർക്കുള്ള സ്വർണം ഏതു കടയിൽ നിന്നും കണ്ണുംപൂട്ടി വാങ്ങാമെന്ന് ഉപഭോക്താക്കൾക്ക് അറിയാം. അത്തരത്തിലൊരു സർട്ടിഫിക്കേഷൻ ഡയമണ്ട് ആഭരണങ്ങൾക്കില്ല. റീസെയിൽ വാല്യു എന്നതും സ്വർണത്തെ അപേക്ഷിച്ച് ഡയമണ്ടിന് കുറവാണ്.
മാത്രമല്ല, നിലവിൽ ആഗോളവിപണിയിൽ ഡയമണ്ടിന്റെ വില താഴ്ന്നുകൊണ്ടിരിക്കുകയാണ്. ആ താഴ്ച ഏതുവരെ പോകും എന്നതും പ്രവചനാതീതമാണ്. വേറൊരു പ്രധാന ഘടകം വായ്പയാണ്. സ്വർണവായ്പ നൽകാൻ മത്സരിക്കുന്ന ബാങ്കുകൾ, ഡയമണ്ട് ആഭരണങ്ങളുമായി ചെന്നാൽ കൈമലർത്തും. കൂടാതെ, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങൾക്ക് വെല്ലുവിളിയായി ലാബ് നിർമ്മിത ഡയമണ്ടുകൾ അരങ്ങ് വാഴുന്നുണ്ട്.
നിക്ഷേപം എന്ന നിലയിലും ഡയമണ്ടിനേക്കാൾ സുരക്ഷിതം ഗോൾഡ് ബാറുകളാണ്. ഡയമണ്ടിൽ നിർമ്മിച്ച ഒരു ആഭരണം വാങ്ങുമ്പോൾ വിലയുടെ 50 ശതമാനവും കല്ലിനായും ബാക്കി 50 ശതമാനം സ്വർണത്തിനുമാണ് നൽകേണ്ടത്. ഇതിൽ ഡയമണ്ട് ആഭരണം നിർമ്മിക്കാനുപയോഗിക്കുന്ന സ്വർണത്തിന്റെ ക്യാരറ്റ് കുറഞ്ഞതായിരിക്കും. കണക്കുകൾ പരിശോധിച്ചാൽ സ്വർണം മികച്ച റിട്ടേൺ നൽകുന്നുണ്ടെങ്കിലും വജ്രവും നിക്ഷേപാർഹമായ കമ്മോഡിറ്റി തന്നെയാണ്.
സ്വർണത്തിന്റെ വില ഉയരുന്നതിന് പിന്നിൽ
പശ്ചിമേഷ്യയിലെയും യുക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങളും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വവുമാണ് പ്രധാനമായും വില ഉയർത്തുന്നത്. ഇന്ത്യയിലെ റിസർവ് ബാങ്കിനൊപ്പം ലോകത്തിലെ പല കേന്ദ്ര ബാങ്കുകളും മുൻപൊരിക്കലുമില്ലാത്ത തരത്തിൽ സ്വർണം വാങ്ങി കൂട്ടുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. വർഷാവസാനത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് മൂവായിരം ഡോളറിലെത്താൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ.
നടപ്പുവർഷം പവൻ വിലയിലെ വർദ്ധന
ജനുവരി 23, 2024- 46,240 രൂപ
ഫെബ്രുവരി- 46,000 രൂപ
മാർച്ച്- 46,320 രൂപ
ഏപ്രിൽ- 52,920 രൂപ
മേയ്- 53,840 രൂപ
ജൂൺ- 53,000 രൂപ
ജൂലായ്- 53,960 രൂപ
ആഗസ്റ്റ്- 53,440 രൂപ
സെപ്തംബർ- 56,480 രൂപ
ഒക്ടോബർ- 58,720 രൂപ
പവൻ വില 60,000 രൂപയിലേക്ക്
പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കിലെടുക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക മാന്ദ്യവും രൂക്ഷമാകുമെന്നതിനാൽ വില വരുംദിവസങ്ങളിൽ ഉയർന്നേക്കും. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഒരു മാസത്തിനുള്ളിൽ പവൻ വില 60,000 രൂപ കടന്നേക്കും. ഡിസംബറിൽ രാജ്യാന്തര വില 3,000 ഡോളറാകുമെന്നാണ് പ്രവചനം
സുരക്ഷിതത്വം തേടി സ്വർണം വാങ്ങുന്നു
1. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും സംഭവ വികാസങ്ങൾ ആശങ്ക ഉയർത്തുന്നു
2. അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ നയ സമീപനത്തിൽ മാറ്റമുണ്ടാകും
3. ലോകമെമ്പാടും ഓഹരി വിപണികളും ക്രിപ്റ്റോ കറൻസിയും തിരിച്ചടി നേരിടുന്നു
4. കേന്ദ്ര ബാങ്കുകൾ വിദേശ ശേഖരത്തിൽ ഡോളറിന് പകരം സ്വർണ നിക്ഷേപം കൂട്ടുന്നു
5. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കൂടി കുറച്ചേക്കും
Source link