സ്വർണത്തിന് വിലകുറയുന്നത് കുതിച്ചുകയറാനുള്ള മുന്നൊരുക്കം മാത്രം; വരുന്നത് ആഭരണങ്ങൾ അത്യാഡംബരമാകുന്ന കാലം

വിവാഹപ്രായമെത്തിനിൽക്കുന്ന പെൺമക്കളുള്ള രക്ഷിതാക്കളുടെ മനസിൽ തീ കോരിയിട്ട് കുതിച്ചുതുടങ്ങിയ സ്വർണവില കൂടുതൽ കരുത്തോടെ വീണ്ടും കുതിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ എന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ചരിത്രത്തിൽ ഇതുവരെയില്ലാത്ത വില വർദ്ധനവാണ് സ്വർണത്തിന് ഇപ്പോൾ രേഖപ്പെടുത്തുന്നത്. നേരത്തേ നൂറും ഇരുനൂറും രൂപയാണ് ഒരുദിവസം പവന് കൂടിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതിയാകെ മാറി. ഇന്നുമാത്രം 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവൻ വില 59,520 രൂപയായി. ഗ്രാമിന് 7,440 രൂപയാണ് വില. ഇതനുസരിച്ച് ഇന്ന് ഒരുപവന്റെ ആരണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും ഉൾപ്പടെ 64,500 രൂപയെങ്കിലും നൽകേണ്ടിവരും.

കേന്ദ്ര ബഡ്ജറ്റിൽ സ്വര്‍ണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ആറ് ശതമാനമായി ചുരുക്കിയത് മഞ്ഞലോഹത്തിന്റെ വില വൻതോതിൽ കുറയ്ക്കുമെന്നാണ് കരുതിയത്. എന്നാൽ പ്രഖ്യാപനത്തിനുശേഷം കുറച്ചുദിവസങ്ങളിൽ മാത്രമാണ് വിലക്കുറവ് കാണാനായത്. പിന്നീട് കുതിച്ചുചാട്ടമായിരുന്നു. ഈ വർഷം മാത്രം സ്വർണവിലയിൽ ഇരുപത്തേഴുശതമാനമാണ് വർദ്ധനവുണ്ടായത്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം ആർക്കെന്ന് ഉറപ്പിക്കാനാവാത്തതാണ് സ്വർണവില ഉയരാൻ ഒരു പ്രധാനകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കമലാഹാരിസും ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആർക്കാണ് വിജയം എന്ന് സൂചന ലഭിക്കുന്നതിനനുസരിച്ചാണ് വിപണിയിലെ ചലനങ്ങൾ തീരുമാനിക്കപ്പെടുന്നത്. ഈ അനിശ്ചിതത്വം ഡോളർ, അമേരിക്കൻ സർക്കാരിന്റെ കടപ്പത്രം, ഓഹരി വിപണി എന്നിവയെയെല്ലാം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അതിനാൽ കൂടുതൽപ്പേർ സ്വർണ നിക്ഷേപത്തെ ആശ്രയിച്ചതോടെയാണ് സ്വർണത്തിന് വില കുതിച്ചുകയറിത്തുടങ്ങിയത്.

ഇന്ത്യയിലെ ഉത്സവ, വിവാഹ സീസണുകളും സ്വർണവില ഉയരത്തിലേക്കെത്താൻ സഹായിക്കുന്നുണ്ട്. ചില ദിവസങ്ങളിലെ വില കുറയലുകൾ കുതിക്കാൻ വേണ്ടിയുള്ള ഊർജം സംഭരിക്കാലെന്ന് കരുതാം എന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ അയവില്ലാത്തതും സ്വർണവില കുതിക്കാൻ ഇടയാക്കിയിട്ടുണ്ട്.

നമ്മുടെ റിസർവ് ബാങ്ക് അടക്കമുള്ള ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ ഡോളറിനെ ഒഴിവാക്കി സ്വർണത്തെ സ്വീകരിച്ചതും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിഞ്ഞതുമൂലം സ്വർണ ഇറക്കുമതിച്ചെലവ് വർദ്ധിച്ചതും വില കൂടുന്നതിനുളള കാരണമാണ്. ഇത്രയും അനുകൂലമായ സാഹചര്യങ്ങൾ നിലവിലുള്ളതിനാൽ അടുത്തകാലത്തെങ്ങും വില കുറയുമെന്ന പ്രതീക്ഷയേ വേണ്ടെന്നാണ് വിപണി വിദഗ്ദ്ധർ നൽകുന്ന സൂചന.

നിക്ഷേപകർക്ക് വൻനേട്ടം

ഓഹരി, കമ്പോള, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച വരുമാനമാണ് സ്വർണം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 29ന് പവൻ വില 45,920 രൂപയായിരുന്നു. ഗ്രാമിന് 5,740 രൂപയും. ഇന്നലെ വരെ പവന് 13,080 രൂപയുടെയും ഗ്രാമിന് 1,635 രൂപയുടെയും വർദ്ധനയുണ്ടായി. നിക്ഷേപകർക്ക് 30 ശതമാനത്തിനടുത്താണ് നേട്ടമുണ്ടായത്. അതിനാൽത്തന്നെ മറ്റുള്ള ഉപേക്ഷിച്ച് കൂടുതൽപ്പേർ സ്വർണനിക്ഷേപത്തിലേക്ക് എത്തിയിട്ടുണ്ട്.


Source link
Exit mobile version