‘ആരുടെയും അപ്പന് വിളിച്ചിട്ടില്ല, ധൈര്യമുണ്ടെങ്കിൽ പൂരം കലക്കൽ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം’

തിരുവനന്തപുരം: താൻ പറയുന്ന കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങൾ മോശമായി ചിത്രീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരുടെയും അച്ഛന് വിളിച്ചിട്ടില്ല. ഇനി വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ വിഷയം മറയ്‌ക്കാനാണ് ഇപ്പോൾ പൂരം കലക്കലുമായി എത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകൾ:

പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. കരുവന്നൂർ വിഷയം മറയ്‌ക്കാനാണ് പൂരം കലക്കൽ ആരോപണവുമായി എത്തിയിരിക്കുന്നത്. കോ ഓപ്പറേറ്റീവ് നിയമം എന്നൊന്ന് വന്നപ്പോൾ മാദ്ധ്യമങ്ങൾ എന്തുകൊണ്ട് പിന്തുണച്ചില്ല. നിങ്ങൾ അതിനെ എതിർത്തില്ലേ. അത് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതായിരുന്നു. നിങ്ങൾ ജനപക്ഷത്തല്ലാത്തതിനാലാണ് എതിർത്തത്. ഇക്കാരണത്താലാണ് ഞാൻ നിങ്ങളെ കേൾക്കാത്തതും. മാദ്ധ്യമങ്ങൾക്ക് രാഷ്‌ട്രീയം ചെയ്യാനുള്ള അവകാശമില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് മാദ്ധ്യമങ്ങൾ എന്നുപറഞ്ഞ് നടക്കാനുള്ള യോഗ്യതയില്ല.

പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പറയില്ല. അത് അവരുടെ പാർട്ടി തീരുമാനിക്കട്ടെ. അനീതിയുണ്ടായിട്ടുണ്ടോ? ഇതിനി ആവർത്തിക്കപ്പെടാതിരിക്കാൻ നിയമവ്യവസ്ഥിതി അനുസരിച്ചുള്ള ശിക്ഷയോ നടപടിയോ ഉണ്ടാവണം. അത് നവീൻ ബാബുവിന്റെ കുടുംബത്തിന്റെയും പത്തനംതിട്ടയിലെ ജനങ്ങളുടെയും ഞാൻ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിന്റെയും ആവശ്യമാണ്.

തൃശൂർ പൂരത്തിന് ഞാൻ ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞയാളുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നത് അറിയുമോ? ആ മൊഴിപ്രകാരം എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. ഞാൻ വെല്ലുവിളിക്കുന്നു. സിനിമാ ഡയലേഗായി എടുത്താൽ മതിയെന്ന് പറഞ്ഞിട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ പോലും നിങ്ങൾ മോശമായി ചിത്രീകരിച്ചു. ആരുടെയും അച്ഛന് വിളിച്ചതല്ല. വിളിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. ക്ഷേത്രപരിസരത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ മുൻകരുതലായി ഉണ്ടായിരുന്ന ആംബുലൻസായിരുന്നു അത്.

പ്രചാരണത്തിന് നടന്ന 15 ദിവസവും ഞാൻ കാൽ ഇഴച്ചാണ് നടന്നത്. ആ സാഹചര്യത്തിൽ ഇത്രയും ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്തെത്തിയത്. ഗുണ്ടകൾ കാർ ആക്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന യുവാക്കളാണ് രക്ഷിച്ചത്. വന്നിറങ്ങി ആ കാന കടക്കാൻ പോലും കഴിഞ്ഞില്ല. ഒരു രാഷ്‌ട്രീയവുമില്ലാത്ത ആ യുവാക്കൾ തന്നെയാണ് അതിനും സഹായിച്ചത്. അവിടുന്നാണ് ആംബുലൻസിൽ കയറിയത്. ഇവർക്ക് ചങ്കൂറ്റമുണ്ടോ സിബിഐയെ വിളിച്ച് അന്വേഷണം നടത്താൻ. ഇവരുടെ രാഷ്‌ട്രീയം കത്തി നശിക്കും. ഇവരുടെ അന്തസും പോകും.


Source link
Exit mobile version