KERALAM

ബിപിഎൽ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു

ബംഗളൂരു: ബിപിഎൽ കമ്പനിയുടെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ (ടി.പി ഗോപാൽ നമ്പ്യാർ) അന്തരിച്ചു. 95 വയസായിരുന്നു. ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡുകളിൽ ഒരുകാലത്ത് സർവാധിപത്യം പുലർത്തിയിരുന്ന ബിപിഎല്ലിനെ മലയാളികൾക്കടക്കം സുപരിചിതമായ ബ്രാൻഡാക്കി മാറ്റാൻ നമ്പ്യാർക്ക് കഴിഞ്ഞു. മുൻ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.

1963ൽ ആണ് ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് അഥവാ ബിപിഎൽ ആരംഭിച്ചത്. പ്രതിരോധ സേനാ സാമഗ്രികളായിരുന്നു ആദ്യം നിർമ്മിച്ചത്. തുടർന്ന് ഇലക്‌ട്രോണിക്‌സ് രംഗത്തേക്ക് കടന്നു. 1990കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് രംഗത്ത് മുടിചൂടാ മന്നരായി നിലകൊണ്ടു. അക്കാലത്തെ ടി വി, ഫോൺ മേഖലകളിലെ ആധിപത്യം ബി പി എൽ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുൻ നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു. രാജീവ് ചന്ദ്രശേഖർ 1991ൽ ടി പി ജി നമ്പ്യാരുടെ മകൾ അഞ്ജുവിനെ വിവാഹം കഴിച്ചതോടെ അദ്ദേഹം ബി പി എൽ എക്സിക്യുട്ടീവ് ഡയറകടറായി. മൊബൈൽ നിർമ്മാണ രംഗത്ത് ബിപിഎൽ കൊണ്ടുവന്ന വിപ്ളവം വേറിട്ടതായിരുന്നു. അത്തരത്തിലൊരു സ്ഥാപനത്തിന്റെ ഉടമയാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.


Source link

Related Articles

Back to top button