ഫിലിം എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും സംസ്ഥാന അവാർഡ് ജേതാവുമായ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വിളിച്ചിട്ടും മുറിയിൽ തുറക്കുന്നില്ലെന്ന് ഭാര്യ ഷിഫ അറിയിച്ചതനുസരിച്ച് ഇന്നലെ പുലർച്ചെ മൂന്നോടെ പൊലീസ് വാതിൽ തകർത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിയായ നിഷാദും കുടുംബവും മൂന്നുമാസം മുമ്പാണ് പനമ്പിള്ളിനഗർ യുവജനസമാജം റോഡിലെ ശാന്തിവിഹാർ ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. തമിഴ് സിനിമയുടെ എഡിറ്റിംഗിന് ചെന്നൈയിലായിരുന്ന നിഷാദ്. ഇന്നലെ പുലർച്ചെ 2.30ഓടെയാണ് ഫ്‌ളാറ്റിലെത്തിയത്. കുളി കഴിഞ്ഞ് കിടപ്പുമുറി അകത്ത് നിന്നു പൂട്ടി. ഏറെനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാലാണ് ഭാര്യ പൊലീസിനെ വിളിച്ചത്.
അനിമേഷനും വിഷ്വൽ ഇഫക്‌ട്സും പഠിച്ച് പോസ്റ്റ് പ്രൊഡക്‌ഷനിൽ ഡിപ്ളോമയും നേടിയാണ് നിഷാദ് എഡിറ്റിംഗിലേക്ക് തിരിഞ്ഞത്. സ്വകാര്യ ചാനലിലെ വീഡിയോ എഡിറ്ററായാണ് തുടക്കം. ടി.വി പരമ്പരകളിലും എഡിറ്ററായി.
2011ൽ വിനയൻ സംവിധാനം ചെയ്ത ‘രഘുവിന്റെ സ്വന്തം റസിയ’ ആണ് ആദ്യ സിനിമ. വൺ, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 2022ൽ തല്ലുമാലയുടെ എഡിറ്റിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഓപ്പറേഷൻ ജാവയുടെ എഡിറ്റിംഗിന് ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചു. മമ്മൂട്ടിയുടെ ബസൂക്ക, തമിഴിൽ സൂര്യയുടെ കങ്കുവ എന്നിവയുടെ എഡിറ്റിംഗ് പൂർത്തിയാക്കിയിരുന്നു.
അസ്വാഭാവിക മരണത്തിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഹരിപ്പാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. നിഷാദ് പഠിച്ച ആയാപറമ്പ് സ്‌കൂളിലും വീട്ടിലും പൊതുദർശനത്തിനു വച്ചു. വൈകിട്ട് അഞ്ചിന് ആയാപറമ്പ് പള്ളി കബർസ്ഥാനിൽ കബറടക്കി. യൂസഫ്, ലൈല എന്നിവരാണ് മാതാപിതാക്കൾ. മക്കൾ – മുഹമ്മദ് ഫിദാൻ, ലിയ സിറ.
Source link