ശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് 5ന് തുറന്നു. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു.
ചിത്തിര ആട്ടവിശേഷ ദിനമായ ഇന്ന് പുലർച്ചെ 5ന് നട തുറന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴുവരെയും ഒമ്പത് മുതൽ 11വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ. തുടർന്ന് ഉദയാസ്തമയപൂജ, ലക്ഷാർച്ചന, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ. വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയ്ക്കു ശേഷം ഇന്ന് രാത്രി 10ന് നടയടയ്ക്കും. മണ്ഡല മഹോത്സവത്തിനായി നവംബർ 15ന് വൈകിട്ട് 5ന് നട തുറക്കും . സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ്. മലയാളികൾക്ക് പുറമെ തമിഴ്നാട്, ആന്ധ്രാ, കർണ്ണാടക ഭക്തരും എത്തിയിട്ടുണ്ട്. ചലച്ചിത്ര താരം ജയസൂര്യ ഇന്നലെ ദർശനം നടത്തി.
Source link