കേരളത്തിന് തകർപ്പൻ വിജയം

തിരുവനന്തപുരം: ദേശീയ സീനിയർ വനിതാ ട്വന്റി 20 ടൂർണമെന്റിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢിനെ കേരളം വെറും 84 റൺസിന് പുറത്താക്കി. മറുപടിക്കിറങ്ങിയ കേരളം 14-ാം ഓവറിൽ ലക്ഷ്യത്തിലെത്തി.
5 വിക്കറ്റെടുത്ത വിനയാണ് കേരളത്തിന്റെ വിജയശില്പി. ചണ്ഡീഗഢിന് വേണ്ടി 40 റൺസെടുത്ത ആരാധന ബിഷ്ഠ് മാത്റമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
മറുപടി ബാറ്റിംഗിനറങ്ങിയ കേരളത്തിനായിക്യാപ്ടൻ ഷാനി (39) അക്ഷയ ( 25) എന്നിവർ തിളങ്ങി.
ലീഡിനായി കേരളം
വയനാട്: സി. കെ നായിഡുട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം കളി നിർത്തുമ്പോൾ 205/3 എന്ന നിലയിലാണ്.
ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് 43 റൺസ് കൂടി മാത്റമാണ് കൂട്ടിച്ചേർക്കാനായത്. 62 റൺസെടുത്ത രോഹൻ നായരുടെ ഇന്നിംഗ്‌സാണ് കേരളത്തെ 300 കടത്തിയത്.നാല് വിക്കറ്റ് വീഴ്ത്തിയ സംബിത് ബാരലും മൂന്നു വിക്കറ്റ് വീഴ്ത്തിയ സായ്ദീപ് മൊഹാപാത്രയുമാണ് ഒഡീഷ ബൗളിംഗ് നിരയിൽ തിളങ്ങിയത്.
രക്ഷകരായി ജലജും നിസാറും
കൊൽക്കത്ത:ബംഗാളിനെതിരെയുള്ള രഞ്ജി മത്സരത്തിൽ ശക്തമായി തിരിച്ചു വരവ് നടത്തി കേരളം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 267 റൺസെന്ന നിലയിലാണ് കേരളം. 64 റൺസോടെ സൽമാൻ നിസാറും 30 റൺസോടെ മൊഹമ്മദ് അസ‌്ഹറുദ്ദീനുമാണ് ക്രീസിൽ. 51/4 എന്ന നിലയിൽ വലിയ തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. ക്യാപ്ടൻ സച്ചിൻ ബേബിയെയും (12) അക്ഷയ് ചന്ദ്രനെയും (31) ഇഷാൻ പോറൽ പുറത്താക്കി. എന്നാൽ ഏഴാം വിക്കറ്റിൽ ജലജ് സക്‌സേനയും (84) സൽമാൻ നിസാറും ഒത്തു ചേർന്നതോടെ കേരളം ശക്തമായ തിരിച്ചുവരവ് നടത്തി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 140 റൺസ് പിറന്നു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജലജ് സക്‌സേനയെ സിന്ധു ജെയ്സ്വാൾ ആണ് പുറത്താക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പോറലാണ് ബംഗാൾ ബൌളിങ് നിരയിൽ തിളങ്ങിയത്.
Source link