ഗള്‍ഫിലേക്ക് തിരിച്ച് പോകാന്‍ മടി, പുറപ്പെടേണ്ട ദിവസം യുവാവ് ചെയ്തത് വിചിത്രമായ കാര്യം

കരിപ്പൂര്‍: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിന് തിരിച്ച് പോകാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് യാത്ര മുടക്കാന്‍ ചെയ്തത് വിചിത്രമായ കാര്യം. പുറപ്പെടേണ്ട വിമാനത്തിന് വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ കേസില്‍ പാലക്കാട് സ്വദേശി അറസ്റ്റിലാകുകയും ചെയ്തു. അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയത്.

എയര്‍ അറേബ്യയുടെ വിമാനത്തിലാണ് ഇയാള്‍ക്ക് തിരിച്ച് പോകേണ്ടിയിരുന്നത്. കോഴിക്കോട് വിമാനത്താവളം ഡയറക്ടര്‍ക്കാണ് പ്രതി വ്യാജ സന്ദേശം അയച്ചത്. വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരന്‍ മനുഷ്യബോംബാണെന്നും ഇയാളുമായി പുറപ്പെട്ടാല്‍ ആകാശത്ത് വെച്ച് വിമാനം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇജാസ് വിമാനത്താവള ഡയറക്ടറോട് വിളിച്ച് പറഞ്ഞത്. നിരപരാധിയായ നിരവധി യാത്രക്കാരും ഇയാള്‍ക്കൊപ്പം മരിക്കുമെന്നും അതുകൊണ്ട് തന്നെ വിമാനം റദ്ദാക്കണമെന്നുമായിരുന്നു ഇജാസിന്റെ സന്ദേശം.

ഏറെക്കാലമായി ദുബായില്‍ ജോലിചെയ്തിരുന്ന ആളാണ് മുഹമ്മദ് ഇജാസ്. അവിടെനിന്ന് പലരോടായി വലിയ തുക കടം വാങ്ങിയിരുന്നു. തുടര്‍ന്ന്, ഉടനെ തിരിച്ചുവരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍, തിരിച്ചുപോകാത്തതിനെത്തുടര്‍ന്ന് കടം നല്‍കിയവര്‍ ഇജാസിനെ തിരിച്ചെത്തിക്കാന്‍ വിമാനടിക്കറ്റടക്കം എടുത്തുനല്‍കി. സന്ദേശമയച്ച അതേ ദിവസമായിരുന്നു ഇയാള്‍ തിരിച്ചുപോകേണ്ടിയിരുന്നത്. മടങ്ങിപ്പോകാന്‍ താല്‍പര്യമില്ലാതിരുന്ന ഇയാള്‍, ഈ യാത്ര മുടക്കാന്‍ വേണ്ടിയാണ് വ്യാജസന്ദേശമയച്ചതെന്നാണ് പൊലീസ് പറയുന്നത്.


Source link
Exit mobile version