KERALAM

മേയർക്കെതിരെ യദു നൽകിയ ഹർജി തള്ളി; ആര്യയും സച്ചിനും സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ കെഎസ്‌ആർടിസി മുൻ ഡ്രൈവർ യദു നൽകിയ ഹർജി കോടതി തള്ളി. ആര്യാ രാജേന്ദ്രനും യദുവും തമ്മിൽ റോഡിൽ വച്ചുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി പരിഗണിച്ചത്.

കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നായിരുന്നു യദു ഹർജിയിൽ ആവശ്യപ്പെട്ടത്. മൂന്നുമാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി നിർദേശിച്ചു. സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം. ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം. ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു. നിർദേശങ്ങൾ സ്വീകാര്യമാണോയെന്ന് കോടതി ചോദിച്ചപ്പോൾ യദുവിന്റെ അഭിഭാഷകൻ അതെയെന്ന് പ്രതികരിച്ചു. ഇത് പരിഗണിച്ചാണ് കോടതി യദുവിന്റെ ഹർജി തള്ളിയത്.

കഴിഞ്ഞ ഏപ്രിൽ 27ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചാണ് വാക്‌പോരുണ്ടായത്. തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു സംഭവം. കെഎ‌സ്‌ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പരാതി നൽകിയതിന് പിന്നാലെ തമ്പാനൂർ ഡിപ്പോയിലെ ‌ഡ്രൈവർ എൽ എച്ച് യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.


Source link

Related Articles

Check Also
Close
Back to top button