KERALAM

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു; കുടുംബാംഗങ്ങൾ ചികിത്സയിൽ

കണ്ണൂർ: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരണപ്പെട്ടത്.

സാഹിറിന്റെയും അൻവറിന്റെയും കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തളിപ്പറമ്പിൽ ബിസിനസ് നടത്തിയിരുന്ന പരേതനായ പി സി പി മുഹമ്മദ് ഷാജിയുടെയും ആമിനയുടെയും മക്കളാണ് സാഹിറും അൻവറും. സഹോദരങ്ങൾ: റഷീദ, ഫൗസിയ, ഷബീന.

കോഴിക്കോട് ബിസിനസ് നടത്തുകയായിരുന്നു സാഹിർ. അൻവർ ഇരിക്കൂറിലും സാഹിർ ഹിദായത്ത് നഗറിലുമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇരുവരും കുടുംബസമേതം യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹിദായത്ത് നഗറിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പതിനഞ്ചോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളത്തിൽ പരിശോധന നടത്തി വരികയായിരുന്നുവെന്നും അധികൃതർ പറയുന്നു. മഞ്ഞപ്പിത്ത ബാധയേറ്റ് സഹോദരങ്ങൾ മരിച്ച സാഹചര്യത്തിൽ സമീപത്തുള്ള വീടുകളിലെ വെള്ളം ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ച് വരികയാണ്.


Source link

Related Articles

Back to top button