2 സംഘർഷ മേഖലകളിൽ പിന്മാറ്റം പൂർണം; ദീപാവലി മധുരം നൽകാൻ ഇന്ത്യ–ചൈന സൈന്യം

2 സംഘർഷ മേഖലളിൽ പിന്മാറ്റം പൂർണം; ദീപാവലി മധുരം നൽകാൻ ഇന്ത്യ–ചൈന സൈന്യം – India-China Border Tensions Ease: Troops Disengage from Key Friction Points | Latest News | Manorama Online
2 സംഘർഷ മേഖലകളിൽ പിന്മാറ്റം പൂർണം; ദീപാവലി മധുരം നൽകാൻ ഇന്ത്യ–ചൈന സൈന്യം
ഓൺലൈൻ ഡെസ്ക്
Published: October 30 , 2024 10:23 PM IST
1 minute Read
(Photo by Tauseef MUSTAFA / AFP)
ന്യൂഡൽഹി∙ അതിർത്തിയിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ട്. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്‌സാങ് സമതലങ്ങളില്‍നിന്നും ഡെംചോക് മേഖലകളില്‍നിന്നുമാണ് സൈനികർ പിൻവാങ്ങിയത്. ഇവിടെ പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി.
ഈ സംഘർഷ മേഖലകളിലെ സേനാപിന്മാറ്റ പ്രക്രിയ പൂർത്തിയായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പട്രോളിങ് ഉടൻ ആരംഭിക്കുമെന്നും മേഖലയിലെ കമാൻഡർമാരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുമെന്നുമാണ് അറിയിപ്പ്. വ്യാഴാഴ്ച ദീപാവലി ദിനത്തിൽ ഇരുപക്ഷത്തെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറുമെന്നാണു പ്രതീക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ–ചൈന ബന്ധം പുതിയ സ്റ്റാർട്ടിങ് പോയിന്റിലാണെന്നു ചൈന അഭിപ്രായപ്പെട്ടതിനു പിന്നാലെയാണു നീക്കം.
“ഇന്ത്യ–ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിൽ നിൽക്കുകയാണ്. ഉഭയകക്ഷി, സാമ്പത്തിക, വ്യാപാര സഹകരണം പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ തയാറാണ്”– കൊൽക്കത്തയിലെ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സമ്മേളനത്തിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് എക്‌സിൽ അഭിപ്രായപ്പെട്ടു.
സൈനിക പിന്മാറ്റം പുരോഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തും. താൽക്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ – പിന്മാറ്റം, സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ– ആദ്യപടിയാണിത്.
കഴിഞ്ഞദിവസം റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നു ഷി ചിൻപിങ് പറഞ്ഞു. 2020 മേയിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നുകയറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു സൈനിക വിന്യാസവും സംഘർഷവും ഉടലെടുത്തത്.
English Summary:
India-China Border Tensions Ease: Troops Disengage from Key Friction Points
mo-news-common-indiachinaborder mo-news-common-latestnews 3md0a9bilqganc2cq908bdorm8 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-china
Source link