പാലക്കാട് പത്ത് സ്ഥാനാർത്ഥികൾ; പി സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്, വയനാട്ടിൽ ആരും പത്രിക പിൻവലിച്ചില്ല
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. ഓട്ടോറിക്ഷ, ടോർച്ച്, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളായിരുന്നു നൽകിയിരുന്നത്. ഇതിൽ ഓട്ടോറിക്ഷ ചിഹ്നത്തോടായിരുന്നു സരിന് താത്പര്യം.
മണ്ഡലത്തിൽ പത്ത് സ്ഥാനാർത്ഥികളാണുള്ളത്. ഇന്ന് ഒരാൾ പത്രിക പിൻവലിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരാണുള്ളത്. ഡി എം കെ സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നമാണ് ലഭിച്ചത്. ചേലക്കരയിൽ ആറ് സ്ഥാനാർത്ഥികളാണുള്ളത്. എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ. ഡി എം കെ, രണ്ട് സ്വതന്ത്രർ എന്നിവരാണുള്ളത്. വയനാട്ടിൽ 16 സ്ഥാനാർത്ഥികളുണ്ട്. ആരും പത്രിക പിൻവലിച്ചിട്ടില്ല.
പി സരിനെ കണ്ണിലെ കൃഷ്ണമണിപോലെ സിപിഎം കാക്കും
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും പി സരിനെ കണ്ണിലെ കൃഷ്ണമണിപോലെ സിപിഎം കാക്കുമെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സരിന് സിപിഎമ്മിൽ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.
പാലക്കാട്ടെ തിരഞ്ഞെടുപ്പുഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടായിരിക്കും. ഒരിക്കലും പിവി അൻവറിനെപ്പോലെയാകില്ല. ഒരു കമ്യൂണിസ്റ്റാവാൻ ഒരിക്കലും അൻവർ ശ്രമിച്ചിരുന്നില്ല. സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ട്. പിപി ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയാണ്. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. ദിവ്യയ്‌ക്കെതിരെയുള്ള നടപടി പാർട്ടി ആലോചിക്കും. അത് മാദ്ധ്യമങ്ങളാേട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളിൽ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാദ്ധ്യമങ്ങൾ സ്വീകരിച്ചത്’- അദ്ദേഹം പറഞ്ഞു.
Source link