നീലേശ്വരത്ത് വെടിക്കെട്ട് പുരയിലെ സ്ഫോടനം, ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ
നീലേശ്വരം (കാസർകോട്): നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ അടക്കം എട്ടുപേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു . ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 154 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതര മാണ്. പരിക്കേറ്റവർ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെയും മംഗളുരുവിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.55നായിരുന്നു അപകടം.
ക്ഷേത്ര മതിലിനോട് ചേർന്ന് ആസ്ബറ്റോസ് ഷീറ്ര് പാകിയ കെട്ടിടത്തിൽ അമിട്ടുകൾ അടക്കം ബോക്സുകളിലാക്കി സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് ഒന്നാകെ പൊട്ടിത്തെറിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം പുറപ്പാടിനിടെ പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തീപ്പൊരി കെട്ടിടത്തിലേക്ക് വീണായിരുന്നു അപകടം. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിച്ചു. കെട്ടിടത്തിനു സമീപം തെയ്യം കാണാൻ നൂറുകണക്കിനുപേർ കൂടി നിന്നിരുന്നു. ഇവർക്കാണ് പരിക്കേറ്റത്. ചിതറിയോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടും ചിലർക്ക് പരിക്കേറ്റു. കാസർകോട് അഡി. എസ്.പി പി.ബാലകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
.
Source link