‘ഞങ്ങൾ ഒരു പാർട്ടിയിലും അംഗമല്ല, അങ്ങനെയൊരു സമ്മർദ്ദമില്ല; നിയമം എല്ലാവർക്കും ഒരു പോലെയാണ്’

പത്തനംതിട്ട: വാക്കുകൾ വീർപ്പുമുട്ടുകയായിരുന്നു മഞ്ജുഷയുടെ ഉള്ളിൽ. നവീൻ ബാബുവിന്റെ അവിശ്വസനീയമായ വേർപാട് താങ്ങാനുള്ള ശക്തി ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഹൃദയമുള്ളവരെയെല്ലാം കണ്ണീരിലാഴ്ത്തിയ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കാൻ ശ്രമിക്കുകയായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദുരന്തത്തിന് കാരണക്കാരിയായ പി.പി. ദിവ്യ പൊലീസ് കസ്റ്റഡിയിലായതിനെ തുടർന്നാണ് കേരളകൗമുദിയോട് അവർ സംസാരിച്ചത്. ഒളിവിലായിരുന്ന ദിവ്യയുടെ അറസ്റ്റിനെക്കുറിച്ചാണ് ആദ്യം പ്രതികരിച്ചത്.

”ഞങ്ങളുടെ ജീവിതം നശിപ്പിച്ചയാളുടെ അറസ്റ്റ് ആഗ്രഹിച്ചിരുന്നു. അതിനായി കാത്തിരിക്കുകയായിരുന്നു. വൈകിയപ്പോൾ വലിയ വിഷമം തോന്നി. നിയമത്തിൽ വിശ്വാസമുണ്ട്. അവർക്ക് പരമാവധി ശിക്ഷ ലഭിക്കണം. ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തിയായിരുന്നു അദ്ദേഹം. നിയമം എല്ലാവർക്കും ഒരു പോലെയാണ്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം. അതിനായി കേസുമായി ഏതറ്റംവരെയും പോകും.””

കളക്ടറെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെടുമോ?

ഇല്ല,​ കളക്ടറെ പ്രതി ചേർക്കണം എന്നില്ല. പക്ഷേ… അവർ സംസാരിക്കുമ്പോൾ കളക്ടർക്ക് ഇടപെടാമായിരുന്നു. അല്ലെങ്കിൽ അതിനായി മറ്റൊരു വേദി ഒരുക്കാമായിരുന്നു. നല്ലൊരു ഡെപ്യൂട്ടി കളക്ടറായതുകൊണ്ടാണ് അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് വിടാൻ മടിക്കുന്നതെന്ന് നവീൻ ബാബു മരിക്കുന്നതിന് രണ്ടു ദിവസം മുമ്പുവരെ പറഞ്ഞയാളാണ് കളക്ടർ. എന്നിട്ടും ആ യോഗത്തിൽ അപമാനം സഹിച്ചിരുന്ന അദ്ദേഹത്തെ കളക്ടർ സംരക്ഷിച്ചില്ല. പ്രതിക്ക് മൗനാനുവാദം നൽകുകയായിരുന്നു.
സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ അവരെ സംസാരിപ്പിച്ചതും ചാനലുകളെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതും ശരിയായില്ല. കളക്ടറായിരുന്നു ആ യോഗത്തിലെ അദ്ധ്യക്ഷൻ. ആദ്ദേഹത്തിന് ഇടപെടാമായിരുന്നു. നഷ്ടപ്പെട്ടത് ഞങ്ങൾക്കല്ലേ….

ജോലി സംബന്ധമായ പ്രശ്നങ്ങൾ മുമ്പു പറഞ്ഞിട്ടുണ്ടോ?

ഇല്ല. ജോലിയും കുടുംബവും തമ്മിൽ കൂട്ടിക്കലർത്താൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. രണ്ടു വർഷമായി പത്തനംതിട്ട ജില്ലയിൽ നിന്ന് മാറിയിട്ട്. കാസർകോടും കണ്ണൂരും ആയിരിക്കുമ്പോഴും മലയാലപ്പുഴയിലെ വീട്ടിലെത്തിയാൽ സന്തോഷവാനായിരുന്നു. ഒരു സമ്മർദ്ദവും വീട്ടിലേക്ക് എത്തിച്ചിരുന്നില്ല. എന്നോടും അങ്ങനെ തന്നെയാണ് പറയുക. ഞങ്ങൾ കുടുംബമായി കണ്ണൂരിൽ പോയിട്ടുമുണ്ട്. അവിടെ ഒരു അദാലത്ത് നടക്കുമ്പോൾ ഏതോ വിഷയവുമായി ഒരമ്മയും മകളും എത്തി. അവരുടെ വിഷമങ്ങൾ കേട്ട അദ്ദേഹം കൈയിലുണ്ടായിരുന്ന പണം അവർക്ക് നൽകിയാണ് മടക്കി അയച്ചത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരാണ് അതെന്നോട് പറഞ്ഞത്. എല്ലാവരോടും കരുതലോടെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. എന്നിട്ടും…

അവസാനമായി സംസാരിച്ചത് രാത്രി എട്ടു മണിക്ക്

യാത്ര അയപ്പുയോഗം കഴിഞ്ഞശേഷം രാത്രി എട്ട് മണിയോടെയാണ് അവസാനമായി നവീൻബാബുവുമായി സംസാരിച്ചത്. അങ്ങോട്ട് വിളിക്കുകയായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. മാനസികമായി ബുദ്ധിമുട്ടുന്ന നിലയിലാണ് സംസാരിച്ചത്. രാവിലെ എത്തുമെന്നാണ് അപ്പോൾ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ചൊന്നും കൂടുതൽ വിവരങ്ങൾ പറഞ്ഞിരുന്നില്ല. ആർക്കും എപ്പോഴും സംസാരിക്കാനും സംശയനിവാരണത്തിനും അദ്ദേഹത്തെ വിളിക്കാമായിരുന്നു. കോന്നി താഹസിൽദാർ ആയ ഞാനും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുമായിരുന്നു.

പൊലീസ് നടപടികളിൽ തൃപ്തരാണോ?

അറസ്റ്റ് വൈകുന്നതിൽ സ്വഭാവികമായും ബുദ്ധിമുട്ട് തോന്നിയിരുന്നു. നേരത്തെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു. ജാമ്യം നിഷേധിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. നിലവിലെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് വിചാരിക്കുന്നത്.

അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ?

ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും കുടുംബം എത്തുന്നതിനു മുമ്പേ പൂർത്തിയാക്കിയിരുന്നു. അത് അന്വേഷിക്കണം. എഫ്.ഐ.ആർ മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിയിലാണ് ഹാജരാക്കിയത്. അതിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്തതിലും സംശയമുണ്ട്.

രാഷ്ട്രീയ സമ്മർദ്ദം ഉണ്ടോ?

ഇല്ല. ഞങ്ങൾ ഒരു പാർട്ടിയിലും അംഗമല്ല. കുടുംബത്തിനുമേലും അങ്ങനെയൊരു സമ്മർദ്ദമില്ല.

നിയമത്തിൽ വിശ്വസിക്കുന്നു : പ്രവീൺ ബാബു

നിയമപരമായിട്ടാണ് മുമ്പോട്ടു പോയത്. ഇനിയും അങ്ങനെതന്നെയാകും പോകുക. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ഇതിൽ രാഷ്ട്രീയമില്ല. നവീൻ ബാബുവിന്റെ മരണത്തിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുവരണം. അറസ്റ്റ് നടന്നതിൽ സന്തോഷമുണ്ട്. ഒരു പാർട്ടിയിലും അംഗത്വമില്ല. പോസ്റ്റ്മാർട്ടം നടപടികൾ കളക്ടറുടെ നേതൃത്വത്തിലാണ് നടന്നത്. അതിൽ വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കണം.

‘അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് എവിടംവരെ പോകാനും ഞങ്ങൾ തയ്യാറാണ്

നിരഞ്ജന

‘അമ്മയുടെ ഒപ്പം എല്ലാത്തിനും ഉണ്ടാകും. നിയമപരമായി മുമ്പോട്ട് പോകും. പേടിക്കില്ല.

നിരുപമ


Source link
Exit mobile version