കണ്ണൂർ: തെറ്റ് പറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞതായി കളക്‌ടർ അരുൺ കെ വിജയന്റെ മൊഴിയിലുണ്ടെന്ന് പുതിയ വാദവുമായി പി പി ദിവ്യയുടെ ജാമ്യഹർജി. എന്താണ് തെറ്റെന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്തുകൊണ്ടാണ്? പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരി വയ്ക്കുന്നതാണെന്നും ദിവ്യ ഹർജിയിൽ വാദിക്കുന്നു.
പ്രശാന്തിന്റെ മൊഴി കോടതിയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണ്. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും ദിവ്യ ആരോപിക്കുന്നു. എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിലുള്ള ദിവ്യ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും.
യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരെയാണെന്നാണ് ദിവ്യ അന്വേഷണത്തിന് സംഘത്തിന് നൽകിയ മൊഴി. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്. യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്‌ടർ പറഞ്ഞിട്ടാണ്. യോഗത്തിൽ പങ്കെടുക്കാൻ കളക്‌ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ കൈക്കൂലി ആരോപണത്തെക്കുറിച്ച് ദിവ്യ അന്വേഷണ സംഘത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് വിവരം.
യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി കളക്ടർ തള്ളിയിരുന്നില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിന് പരിമിധിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർക്ക് നൽകിയ മൊഴിയും സമാനമാണ്. കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്ന് കളക്‌ടർ അരുൺ കെ വിജയൻ കൂട്ടിച്ചേർത്തു.
Source link