KERALAM

1606 രൂപയ്ക്ക് വിമാനടിക്കറ്റ്, കൊച്ചി – ബംഗളൂരു റൂട്ടിലും വന്‍ ഓഫര്‍; വീണ്ടും ഞെട്ടിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബയ്: വെറും 1606 രൂപയ്ക്ക് വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1606 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്കായാണ് തിരഞ്ഞെടുത്ത സെക്ടറുകളില്‍ ഓഫര്‍ നിരക്കില്‍ വിമാനടിക്കറ്റ് ലഭിക്കുക. ഒക്ടോബര്‍ 27ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും. കൊച്ചി- ബംഗളൂരു, ചെന്നൈ- ബംഗളൂരു റൂട്ടുകളിലും ഗുവാഹത്തി- അഗര്‍ത്തല, വിജയവാഡ- ഹൈദരാബാദ് തുടങ്ങിയ നിരവധി റൂട്ടുകളിലും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ സൗജന്യമായി ലഭ്യമാകും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലോയല്‍റ്റി അംഗങ്ങള്‍ക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവ ലോയല്‍റ്റി അംഗങ്ങള്‍ക്ക് ലഭ്യമാക്കും. മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സൈനികര്‍, അവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്കായും പ്രത്യേക ഓഫറുകള്‍ ഫ്‌ളാഷ് സെയിലിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ ലോയല്‍റ്റി അംഗങ്ങള്‍ക്ക് 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് 50 ശതമാനം കിഴിവില്‍ ടിക്കറ്റ് എടുക്കാം.


Source link

Related Articles

Back to top button