ദിവ്യയുടെ കീഴടങ്ങലിലും തിരക്കഥ

കണ്ണൂർ : ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കീഴടങ്ങലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദിവ്യയുടെ വീട് സ്ഥിതി ചെയ്യുന്ന ഇരിണാവിനടുത്തുള്ള കണ്ണപുരത്തുവച്ചാണ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാനെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തെന്നാണ് പൊലീസിന്റെ വിശദീകരണം. അന്വേഷണ സംഘത്തിലെ കണ്ണൂർ എ.സി.പി രത്നകുമാറാണ് കസ്റ്റഡിയിലെടുത്തത്. എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്താൻ അന്വേഷണ സംഘ തലവൻ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ തയ്യാറായില്ല. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് പൊലീസ് നിർദേശിച്ച സ്ഥലത്ത് ദിവ്യ കീഴടങ്ങിയെന്നാണു വിവരം. ദിവ്യയുടെ വാഹനത്തിൽ രണ്ട് പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നതായി സൂചനയുണ്ട്.അറസ്റ്റിന് മുൻപ് പൊലീസ് യോഗം

ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ അന്വേഷണ സംഘം യോഗം ചേർന്നു. തുടർന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
ദിവ്യയ്‌ക്കെതിരായ നടപടി നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപണമുയർന്നിരുന്നു. ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് മാത്രമായിരുന്നു പോലീസിന് മാർഗം.വിമർശനങ്ങളുയർന്ന ഘട്ടത്തിൽ കോടതി തീരുമാനം വരട്ടെയെന്നായിരുന്നു പൊലീസ് നിലപാട്.

ശക്തമായ എതിർ വാദം

പ്രോസിക്യൂഷനും നവീൻബാബുവിന്റെ കുടുംബവും കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി.

”ദിവ്യ നിരന്തരം നിരീക്ഷണത്തിലായിരുന്നു. അതിനാലാണ് എളുപ്പം കസ്റ്റഡിയിലെടുത്തത്.”

അജിത്ത് കുമാർ
(സിറ്റിപൊലീസ് കമ്മീഷണർ)


Source link
Exit mobile version