മുൻകൂർജാമ്യം തള്ളിയ വിധിയിൽ കോടതി: എ.ഡി.എമ്മിനെ അപമാനിക്കാൻ ആസൂത്രിതമായി നടത്തിയ പ്രസംഗം
കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിനിടയാക്കിയ പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. പ്രസംഗം പ്രാദേശിക ചാനലിനെ ഉപയോഗിച്ച് ചിത്രീകരിച്ച് പ്രചരിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണ്.
നവീൻബാബുവിനെ അപമാനിക്കുകയായിരുന്നു ഉദ്ദേശ്യം. ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യയുടെ പ്രവൃത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി.
ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്ന നവീൻബാബുവിന്റെ കുടുംബത്തിന്റെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കോടതി അംഗീകരിച്ചു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ തക്ക പ്രവൃത്തി താൻ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെവാദം. 38 പേജുള്ള വിശദമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
കുറ്റം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു
#ആത്മഹത്യാപ്രേരണക്കുറ്റം നിലനിൽക്കുമെന്നും ദിവ്യ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും വിധിയിൽ പറയുന്നു.
#സഹപ്രവർത്തകരുടെ മുന്നിൽ വച്ച് നവീൻബാബു അപമാനിക്കപ്പെട്ടു. അപമാനഭാരം താങ്ങാനാവാതെയാണ് ജീവനൊടുക്കിയത്.
#ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്, സാക്ഷികളെ സ്വാധീനിച്ചേക്കാം.മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും.
ദിവ്യയുടെ പ്രവൃത്തി പൊതുപ്രവർത്തകയ്ക്ക് ചേരാത്തത്.
#പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തന്റെ പരാതി ഹാജരാക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ല
റിട്ട. അദ്ധ്യാപകൻ ഗംഗാധരൻ ഭൂമി സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതിയാണ് ഹാജരാക്കിയത്. അതിലാവട്ടെ കോഴ ആരോപണം ഇല്ല.
# പ്രതി ഭാഗം ഹാജരാക്കിയ സി.ഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചു. വഴിയെ പോകുമ്പോൾ യാത്രയയപ്പ് ചടങ്ങ് കണ്ട് കയറിയതാണെന്ന് ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമാണ് പ്രതിഭാഗം ഹാജരാക്കിയത്.
# മികച്ച രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങൾ മുൻകൂർ ജാമ്യം നൽകാനുള്ള കാരണമായി പരിഗണിക്കാൻ സാധിക്കില്ല.
# അഴിമതി അറിഞ്ഞെങ്കിൽ പൊലീസിനെയോ വിജിലൻസിനെയോ സമീപിക്കേണ്ടതായിരുന്നു. അതിനുപകരം ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തിൽ പരിഹസിക്കാനാണ് ശ്രമിച്ചത്
Source link