കളക്ടറുടെ മൊഴി പുറത്ത്: തെളിവില്ലാതെ ആരോപണം പാടില്ലെന്ന് പറഞ്ഞു
കണ്ണൂർ: എ.ഡി.എം കെ.നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ കളക്ടർ അരുൺ കെ.വിജയൻ നൽകിയ മൊഴി പുറത്ത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടർ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോൾ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നൽകാൻ ദിവ്യയോട് കളക്ടർ നിർദ്ദേശിച്ചു. തെളിവില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് പറഞ്ഞു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തളളിയ വിധി പകർപ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.
എ.ഡി.എമ്മിന്റെ യാത്രയയപ്പു യോഗത്തിൽ പങ്കെടുത്തത് കളക്ടറുടെ ക്ഷണപ്രകാരമെന്ന ദിവ്യയുടെ വാദത്തിനെതിരാണ് കളക്ടറുടെ മൊഴി. ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവർ ക്ഷണിച്ചിട്ടാണ് താൻ പങ്കെടുത്തതെന്നും കളക്ടറുടെ മൊഴിയിലുണ്ട് .യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടർ കെ.വി.ശ്രുതിയാണെന്നാണു ദിവ്യയുടെ മറ്റൊരു വാദം. എന്നാൽ, വേദിയിലേക്കു കടന്നുവന്ന ദിവ്യ, മൈക്രോഫോൺ സ്വയം ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങുകയായിരുന്നുവെന്നാണു ശ്രുതിയുടെ മൊഴി. യോഗത്തിലേക്കു ക്യാമറമാനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ദിവ്യ വിളിച്ചിരുന്നതായി പ്രാദേശിക ചാനൽ പ്രവർത്തകൻ നൽകിയ മൊഴിയിൽ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടതു പ്രകാരം ക്യാമറ യൂണിറ്റ് അയച്ചു.പരിപാടി കഴിഞ്ഞശേഷം ദൃശ്യങ്ങൾ ആവശ്യപ്പെട്ടു വീണ്ടും വിളിച്ചു. വാർത്ത നൽകും മുൻപേ ദൃശ്യങ്ങൾ ദിവ്യയ്ക്ക് അയച്ചുകൊടുത്തുവെന്നും മൊഴിയിലുണ്ട്.
Source link