വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണിയ്ക്ക് പിന്നിൽ മഹാരാഷ്ട്ര സ്വദേശി, വിവരം പുറത്തുവിട്ട് പൊലീസ്
മുംബയ് : രാജ്യത്ത് വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നിലെ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂർ പൊലീസ് വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ ജഗദീഷ് ഉയ്ക്കെയെ (35) ആണ് നാഗ്‌പൂർ സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. വ്യാജ സന്ദേശങ്ങളടങ്ങിയ ഇ മെയിലുകൾ അയച്ചത് ഉയ്‌ക്കെയെ ആണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഡി.സി,പി ശ്വേത ഖേട്കറുടെ നേതൃത്വത്തിലായിരുന്നു കേസിൽ അന്വേഷണം നടന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ്, എയർലൈൻ ഓഫീസുകൾ, റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഡി.ജി.പി, ആർ.പി.എഫ് എന്നിവർക്കും ഇയാൾ ഇ മെയിൽ അയച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2021ൽ ഒരു കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദത്തെ കുറിച്ചുള്ള ഒരു പുസ്തകവും ഉയ്ക്കെയെ എഴുതിയിട്ടുള്ളതായി പൊലീസ് വെളിപ്പെടുത്തി. ഉയ്ക്കെയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര പൊലീസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 28 വരെയുള്ള 15 ദിവസങ്ങളിൽ മാത്രം 410 വിമാനങ്ങൾക്കാണ് ഇന്ത്യയിൽ വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. സോഷ്യൽ മീഡിയ വഴിയായിരുന്നു സന്ദേശങ്ങൾ എത്തിയത്. വ്യാജബോംബ് ഭീഷണി മുഴക്കുന്നവർക്കെതിരെ വിമാനയാത്രയിൽ നിന്ന് ബാൻ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാർ.
Source link