ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കും, ഒളിവു നാടകാന്തം ദിവ്യ ജയിലിൽ
കണ്ണൂർ: നാടെങ്ങും ഉയർന്ന പ്രതിഷേധം കത്തിനിൽക്കെ പി.പി. ദിവ്യ ജയിലിലായി. എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസിൽ പ്രതിയായിട്ടും പൊലീസിന്റെയും പാർട്ടിയുടെയും തണലിൽ ഒളിവിൽ കഴിയുകയായിരുന്നു മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ.
ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന നിശിതമായ പരാമർശങ്ങളോടെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് 15 ദിവസം നീണ്ട ഒളിനാടകം അവസാനിച്ചത്.
പാർട്ടി നിർദ്ദേശപ്രകാരം ദിവ്യ കീഴടങ്ങുകയായിരുന്നു. രണ്ടാഴ്ച ദിവ്യയെ തൊടാതെ നിന്ന പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറമ്പ് മജിസ്‌ട്രേട്ട് ദിവ്യയെ നവംബർ 12 വരെ റിമാൻഡ് ചെയ്ത് പള്ളിക്കുന്നിലെ വനിതാജയിലിൽ അടച്ചു. ദിവ്യ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകും.
ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും. ആദ്യ ജാമ്യാപേക്ഷയെയും മഞ്ജുഷ എതിർത്തിരുന്നു.
ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലായ ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം കനത്ത സുരക്ഷയിൽ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. അവിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവ മോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് ദിവ്യയുമായി പുറത്തിറങ്ങിയ പൊലീസ് ജീപ്പിന് നേർക്കും പ്രതിഷേധമുയർന്നു.
പ്രേരണക്കുറ്റം നിലനിൽക്കും
ആത്മഹത്യാപ്രേരണാകുറ്റം നിലനിൽക്കുമെന്ന് ജാമ്യ ഹർജി തള്ളി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് നീരീക്ഷിച്ചു. ദിവ്യ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് എട്ടു പേജ് വിധി.
കോടതിയുടെ നിരീക്ഷണങ്ങൾ –
പൊതുപ്രവർത്തകയ്ക്ക് ചേരാത്ത പ്രവൃത്തിയാണ് ദിവ്യയുടേത്
കൈക്കൂലി പരാതിക്ക് നിയമപരമായ പരിഹാരം തേടാമായിരുന്നു
ക്ഷണിച്ചിട്ടാണ് യാത്രയയപ്പിന് എത്തിയതെന്ന ദിവ്യയുടെ വാദം തള്ളി.
വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാൻ കരുതിക്കൂട്ടി ചെയ്‌തത്
ദിവ്യയുടെ ദുരുദ്ദേശ്യത്തിന്റെ തെളിവാണ് നവീന്റെ നാടായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിച്ചത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യണം
കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദവും കോടതി തള്ളി. കസ്റ്റഡിയിൽ ചോദ്യം ചെയ്യണോ എന്നത് മുൻകൂർ ജാമ്യത്തിന് കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്നാണ്. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതിചൂണ്ടിക്കാട്ടി.
ചിരി മായാതെ ദിവ്യ
ചിരിച്ച മുഖവുമായാണ് ആശുപത്രിയിൽ നിന്ന് ദിവ്യ ഇറങ്ങിയത്. പൊലീസ് കാവലിൽ ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് ദിവ്യയെ പ്രവേശിപ്പിച്ചത്.
‘’ഇരയോടൊപ്പമാണെന്ന സർക്കാരിന്റെ വാദവും പ്രോസിക്യൂഷന്റെ ഭാഗവും ശക്തമായിത്തന്നെ കോടതിയിൽ അവതരിപ്പിച്ചു. ദിവ്യയ്ക്ക് മുൻകൂർ ജാമ്യം കൊടുക്കാതിരിക്കേണ്ടത് എന്തടിസ്ഥാനത്തിലെന്ന് പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ ശക്തമായിത്തന്നെ പറഞ്ഞിരുന്നു. അന്വേഷണം നടത്തുന്ന സംഘം ശരിയായ രീതിയിലാണ് നീങ്ങുന്നത്.
-കെ. അജിത്കുമാർ,
പബ്ലിക് പ്രോസിക്യൂട്ടർ
Source link