ദിവ്യയ്ക്കുള്ള സംരക്ഷണം പിൻവലിച്ച് സി.പിഎം
തിരുവനന്തപുരം: കാര്യകാരണ സഹിതം വിശദമായ വിധിയിലൂടെ പി.പി.ദിവ്യ പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തലശേരി പ്രിൻസിപ്പൽ കോടതി വ്യക്തമാക്കിയത് സി.പി.എമ്മിന് പ്രഹരമായി. എ.ഡി.എമ്മിന്റെ മരണത്തിൽ,കോടതി അറസ്റ്റ് തടയാതിരുന്നിട്ടും വിധിവരാൻവേണ്ടി കാത്തുനിന്ന പൊലീസിനും സർക്കാരിനും ഉത്തരംമുട്ടുകയും ചെയ്തു. മുൻകൂർ ജാമ്യത്തിനായി മേൽക്കാേടതിയെ സമീപിക്കാതെ കീഴടങ്ങാൻ പാർട്ടിതന്നെ നിർദേശിക്കുകയായിരുന്നു. അതേസമയം, നിയമയുദ്ധത്തിനുള്ള ഒത്താശ രഹസ്യമായി തുടരാനും സാദ്ധ്യതയുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രചരണായുധമായി ദിവ്യ മാറിയ സഹചര്യത്തിൽ മറ്റൊരുവഴി പാർട്ടിക്ക് മുന്നിലുണ്ടായിരുന്നില്ല.സി.പി.എം സമ്മേളനങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാനും ദിവ്യയുടെ അറസ്റ്റ് അനിവാര്യമായിരുന്നു. പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സാദ്ധ്യതയും ഏറി. സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ നിന്നും ദിവ്യയ്ക്ക് പുറത്ത് പോകേണ്ടി വന്നേക്കും.
തങ്ങളുടെ ജീവിതം തകർത്ത പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത് വന്നതും പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് അവകാശപ്പെട്ട പാർട്ടിക്ക് ദിവ്യയെ പൊലീസിന് മുന്നിലേക്ക് വിടേണ്ടിവന്നു. അപ്പീലിന് ശ്രമിച്ചാൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലാവുമെന്നും നേതൃത്വം വിലയിരുത്തി.
ദിവ്യയ്ക്ക് പാർട്ടിയും സർക്കാരും സംരക്ഷണമൊരുക്കില്ലെന്നും തെറ്റ് ചെയ്തവർ നിയമത്തിന് കീഴ്‌പ്പെടണമല്ലോയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയതോടെ പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് വ്യക്തമായതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ഉദയഭാനുവും പ്രതികരിച്ചു. കോടതി വിധി അവർക്ക് ആശ്വാസമായി.
അഴിമതിക്കെതിരായ സദ്ദുദ്ദേശ്യപരമായ വിമർശനമാണ് ദിവ്യ നടത്തിയതെന്ന കണ്ണൂർ ജില്ലാ ഘടകത്തിന്റെ ന്യായീകരണത്തെ വിധി പൂർണ്ണമായും ഇല്ലാതാക്കിയിട്ടുണ്ട്. കോടതി വിധി വന്നശേഷം ദിവ്യയ്ക്കെതിരായ പാർട്ടി നടപടി ആലോചിച്ചാൽ മതിയെന്ന് ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
പാർട്ടി നടപടി ഇന്നുണ്ടായേക്കും
കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ദിവ്യയുടെ അറസ്റ്റിലേക്ക് നയിച്ചത് പാർട്ടിയുടെ ഇടപെടൽ. പൊതുജന വികാരം പാർട്ടിക്ക് എതിരായ സാഹചര്യത്തിൽകീഴടങ്ങാനുള്ള നിർദ്ദേശം ദിവ്യയ്ക്ക് നൽകുകയായിരുന്നു.
ഇനി പാർട്ടി നടപടിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.സമ്മേളനകാലത്ത് അച്ചടക്ക നടപടി പതിവില്ല. പക്ഷെ, ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ അതിന് പാർട്ടി മുതിരാനാണ് സാദ്ധ്യത.ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഉറപ്പാണ്.
പാർട്ടി കുടുംബം കൂടിയായ എ.ഡി.എമ്മിന്റെ ഭാര്യയുടെ പ്രതികരണം അടക്കം പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട് .
കണ്ണൂരിലെ പാർട്ടി കോട്ടയിൽ തന്നെയായിരുന്നു ദിവ്യ ഒളിവിൽ കഴിഞ്ഞത്.മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ പൊലീസിനെ തടഞ്ഞതും പാർട്ടിയാണ്. നവീൻബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവർത്തിക്കമ്പോഴും ഇത്രയും കാലം ദിവ്യയുടെ ഒളിവ് ജീവിതത്തിന് സംരക്ഷണമൊരുക്കാൻ പാർട്ടിക്ക് സാധിച്ചു. ദിവ്യയ്ക്ക് പിന്തുണയുമായി വന്ന പാർട്ടി യുവജന വിഭാഗത്തിന് പാർട്ടിയും സർക്കാരും പരമാവധി സംരക്ഷണമൊരുക്കിയെന്ന സന്ദേശം നൽകാനും കഴിഞ്ഞു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതിഭാഗം ഉന്നയിച്ച പല വാദങ്ങളും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ ആദ്യ പ്രസ്താവനയോട് ചേർന്നു നിൽക്കുന്നതായിരുന്നു.
Source link