ഇന്ത്യാ-ചൈന സേനാ പിന്മാറ്റം പൂർത്തിയായി

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിന്ന് ഇന്ത്യാ-ചൈന സേനകളുടെ പിന്മാറ്റം ഏറെക്കുറെ പൂർത്തിയായതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇവിടങ്ങളിലെ താത്‌കാലിക നിർമ്മിതികൾ പൊളിച്ച ശേഷമാണ് സേനാ പിന്മാറ്റം. 2020ൽ നിറുത്തിയ പട്രോളിംഗ് പുനരാരംഭിക്കലാണ് അടുത്ത നടപടി. ഇരുവിഭാഗവും പരസ്‌പരം അറിയിച്ചും നിരീക്ഷിച്ചുമാണ് പിന്മാറ്റം. താത്‌കാലിക നിർമ്മിതികൾ പൊളിച്ചതും സേനാ പിന്മാറ്റവും ആളില്ലാ വിമാനങ്ങളുടെ സഹായത്തോടെ ഉറപ്പാക്കുന്നു. 2020 ഏപ്രിലിലെ തത്‌സ്ഥിതി നിലനിറുത്താനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. 10-15 സേനാംഗങ്ങൾ അടങ്ങിയ പട്രോളിംഗ് സംഘങ്ങൾ മാത്രമാകും മേഖലകളിലുണ്ടാകുക. കഴിഞ്ഞയാഴ്‌ച റഷ്യയിലെ കസാനിൽ നടന്ന ബ്രിക‌്സ് ഉച്ചകോടിക്ക് മുൻപായാണ് സേനാ പിൻമാറ്റത്തിന് ധാരണയായ വിവരം പുറത്തുവന്നത്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും കൂടിക്കാഴ്ച നടത്തിയത് നടപടികൾക്ക് കൂടുതൽ ഊർജ്ജം പകർന്നു. 50 മിനിട്ടോളം നീണ്ട യോഗത്തിൽ, അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനും അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനും ഇരു നേതാക്കളും ധാരണയായി.
Source link