അനധികൃത റിക്രൂട്ട്‌മെന്റ് തടയാൻ നിയമം കൊണ്ടുവരണം
തിരുവനന്തപുരം: അനധികൃത റിക്രൂട്ട്‌മെന്റ് തടയാനുള്ള നിയമനിർമ്മാണത്തിന്റെ സാദ്ധ്യതകൾ തേടി ലോക കേരള സഭയും നോർക്ക റൂട്ട്സും സംയുക്തമായി യോഗം സംഘടിപ്പിച്ചു.
പഞ്ചാബ് സർക്കാരിന്റെ ട്രാവൽ റെഗുലേഷൻ ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ പരിശോധിച്ചു കേന്ദ്ര എമിഗ്രേഷൻ ആക്ടിന്റെ പരിധിയിൽ നിന്നുകൊണ്ട് കേരളത്തിന് ഉതകുന്ന നിയമനിർമാണം അടിയന്തരമായി നടത്തണമെന്ന് യോഗം നിർദേശിച്ചു.
ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡ് തലത്തിൽ അവ സംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു.
കരട് പൂർത്തിയായ 2021ലെ എമിഗ്രേഷൻ ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങളുടെ സമ്മർദ്ദം ആവശ്യമാണ്. യോഗത്തിലെ കണ്ടെത്തലുകളും നിയമ നിർമ്മാണത്തിന് സഹായകമാകുന്ന വിലയിരുത്തലുകളും ഉൾപ്പെടുത്തി നയരേഖ സർക്കാരിന് സമർപ്പിക്കും.
ലോക കേരള സഭ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം വിവിധ ദേശീയ, അന്തർദേശീയ ഏജൻസികളെ പങ്കെടുപ്പിച്ച്
രണ്ട് സെഷനുകളായി സംഘടിപ്പിച്ച പരിപാടിയിൽ നോർക്ക വകുപ്പ് സെക്രട്ടറി ഡോ. വാസുകി , പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് തിരുവനന്തപുരം ശ്യാം ചന്ദ് , ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ് , നോർക്ക സി.ഇ.ഒ അജിത് കോളശ്ശേരി, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Source link