12 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി പി.ജി സീറ്റുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പി.ജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡി.എം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡി.എം പൾമണറി മെഡിസിൻ 2 സീറ്റ്, എം.ഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.ഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് 92 മെഡിക്കൽ പി.ജി സീറ്റുകൾക്ക് അനുമതി നേടിയെടുത്തതായി മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സ് ആരംഭിക്കാൻ അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ദ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കും.
ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സാണ് ഡി.എം പൾമണറി മെഡിസിൻ. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടും. നിലവിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഡി.എം പൾമണറി മെഡിസിൻ സീറ്റ് മാത്രമാണുള്ളത്. എത്രയും വേഗം ഈ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Source link