ശസ്ത്രക്രിയാ പിഴവ്: തൃശൂർ അശ്വനി ആശുപത്രി16.8 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
തൃശൂർ: മൂത്രാശയക്കല്ല് ശസ്ത്രക്രിയയെ തുടർന്ന് നിത്യരോഗിയായി മാറിയ മിണാലൂർ കുറാഞ്ചേരി കിഴക്കേ തെരുവിൽ വീട്ടിൽ കെ. എ. ഷമീറിന് (45) 16,80,367 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി. ഡോക്ടറും ആശുപത്രിയും ചേർന്നാണ് തുക നൽകേണ്ടത്.
ടി. ബാബു പ്രസിഡൻ്റും ശ്രീജ എസ്, രാംമോഹൻ ആർ എന്നിവർ അംഗങ്ങളുമായുള്ള കമ്മിഷനാണ് വിധി പറഞ്ഞത്.
തൃശൂർ അശ്വിനി ആശുപത്രിയിലെ ഡോ.എ.സി വേലായുധനെയാണ് ഷമീർ ശസ്ത്രക്രിയക്ക് സമീപിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം 2014 ജൂൺ 19ന് അഡ്‌മിറ്റായ ഷമീറിന്റെ മൂത്രാശയക്കല്ല് നീക്കം ചെയ്തതായി ഡോ. എ.സി വേലായുധൻ അറിയിച്ചിരുന്നു. എന്നാൽ മൂത്രത്തിലൂടെ അമിതമായി രക്തം പോകാൻ തുടങ്ങി. കലശലായ വേദനയുമുണ്ടായി. തുടർന്ന് അശ്വിനി ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം ജൂബിലി, ഗവ. മെഡിക്കൽ കോളേജുകളിൽ തുടർചികിത്സ നടത്തിയെങ്കിലും വേദന മാറിയില്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ്.
ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് മൂത്രാശയ ബ്ലാഡറിന്റെ നെക്ക് മുറിഞ്ഞതിനാൽ ജീവിതകാലം മുഴുവൻ വേദനയുണ്ടാകുമെന്നും മരണംവരെ തുടർചികിത്സ നടത്തേണ്ടി വരുമെന്നും ഡോക്ടർമാർ അറയിച്ചതായി ഷമീർ പറയുന്നു. ദാമ്പത്യ ജീവിതം തകരാനും ഭാര്യയെ നഷ്‌ടപ്പെടാനും ഇടയായെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പിഴവ് തെളിയിക്കുന്ന 40 രേഖകൾ കമ്മിഷൻ മുമ്പാകെ ഷമീർ ഹാജരാക്കിയിരുന്നു. പരാതിക്കാരനു വേണ്ടി അഡ്വ. കെ.ഡി ബാബു ഹാജരായി.
“ശസ്ത്രക്രിയാ പിഴവ് സംഭവിച്ചിട്ടില്ല. ഇക്കാര്യം മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിലുണ്ട്. രോഗിക്ക് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുള്ളതായാണ് വിവരം”.- ഡോ. വേലായുധൻ. “ശസ്ത്രക്രിയാ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. തുടർ ചകിത്സ നടത്തിയ ആശുപത്രികളിലെ ഡോക്ടർമാരെ വിസ്തരിച്ചിരുന്നു”. -അഡ്വ. കെ.ഡി.ബാബു
Source link