പണ്ട് തിരുവിതാംകൂർ രാജാവിന്റെ വേനൽകാല വസതിയായിരുന്ന കൊട്ടാരം, കോടികൾ മുടക്കി നവീകരിക്കാൻ തീരുമാനം
ആലുവ: പെരിയാർ തീരത്ത് ആലുവയുടെ മുദ്രയായ പഴയ പാലസ് മന്ദിരത്തിന്റെ നവീകരണം അടുത്ത മാസം ആരംഭിക്കും. 6.36 കോടി രൂപ ചെലവ് വരുന്ന നവീകരണം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) ഏറ്റെടുത്തിടുത്തിരിക്കുന്നത്. അബ്ദുൾ ഷെരീഫ് എന്ന മറ്റൊരാൾക്ക് കെ.ഐ.ഐ.ഡി.സി ഉപകരാർ നൽകി കഴിഞ്ഞു.
2017ൽ അടച്ചുപൂട്ടിയ പഴയ പാലസിൽ ഏഴ് വർഷത്തിന് ശേഷമാണ് നവീകരണം നടക്കുന്നത്. 2017ൽ പാലസ് അനക്സ് മന്ദിരത്തിലേക്ക് പ്രവർത്തനം മാറിയതോടെയാണ് പഴയ പാലസ് നവീകരണത്തിനായി അടച്ചത്. ആദ്യം രണ്ട് കോടി രൂപയുടെ നവീകരണത്തിന് പി.ഡബ്ല്യു.ഡി കരാറെടുത്തെങ്കിലും 2018ലെ മഹാപ്രളയത്തെ തുടർന്ന് നവീകരണം നടന്നില്ല. തുടർന്ന് കാലാവധി അവസാനിച്ചതോടെ കരാർ പുതുക്കൽ നടന്നില്ല.
2019ൽ ഊരാളുങ്കലിന്റെ ഊഴം
2019ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഊഴമായിരുന്നു. കെട്ടിടം നവീകരണത്തിന് പുറമെ ലാൻഡ് സ്‌കേപ്പിംഗും മൂന്ന് വർഷത്തെ അറ്റകുറ്റപ്പണിയും കൂടി ചേർത്ത് 6.5 കോടി രൂപയ്ക്കാണ് സൊസൈറ്റിക്ക് കരാർ നൽകിയത്. സാങ്കേതികാനുമതി ലഭിക്കും മുമ്പേ അനർഹമായി കരാർ നൽകിയെന്ന ആക്ഷേപത്തെ തുടർന്ന് ഊരാളുങ്കലും പിൻവാങ്ങി.
പാലസിലുള്ളത് മൂന്ന് വി.ഐ.പി മുറികൾ ഉൾപ്പെടെ 13 മുറികളും ഹാളും
2021ൽ കൊവിഡ് കാലത്ത് പാലസ് നവീകരണ ഫയൽ പുറത്തെടുത്തില്ല. 2022ൽ റീ ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല. കഴിഞ്ഞ വർഷമാണ് വീണ്ടും ടെൻഡർ വിളിച്ച് കെ.ഐ.ഐ.ഡി.സി കരാർ നൽകിയത്.
നവീകരണം ഇങ്ങനെ
പഴമ അതേപടി നിലനിർത്തിയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. ഫ്‌ളോർ, ബാത്ത് റൂം, ഇന്റീരിയൽ, ലിഫ്റ്റ്, ഇലക്ട്രിഫിക്കേഷൻ, ലാൻഡ് സ്‌കേപ്പിംഗ്, മേൽക്കൂര നവീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്. പുതിയ മന്ദിരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഉണ്ടായിരുന്നെങ്കിലും ഹെറിറ്റേജ് ആർക്കിടെക്ച്ചറുടെ പരിശോധന റിപ്പോർട്ടിനെ തുടർന്ന് ഉപേക്ഷിച്ചു.
തിരുവിതാംകൂർ മഹാരാജാവിന്റെ വേനൽക്കാല വസതി
തിരുവിതാംകൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്നു ആലുവ പാലസ് സ്വാതന്ത്ര്യാനന്തരം ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായി രാഷ്ട്രീയ, സാംസ്‌കാരിക, സിനിമ മേഖലയിലുള്ള നിരവധി പേർ തങ്ങിയ സ്ഥലം കേരളത്തെ പിടിച്ചുലച്ച നിരവധി രാഷ്ട്രീയ കരുനീക്കങ്ങൾക്കും ആലുവ പാലസ് വേദിയായി വർഷങ്ങൾക്കശേഷം അടുത്തിടെ സിനിമാ ഷൂട്ടിംഗിനായും കെട്ടിടം വിട്ടുകൊടുത്തു
Source link