കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയ സ്ഥിതിക്ക് ഏതു നിമിഷവും അറസ്‌റ്റുണ്ടായേക്കാം. എന്നാൽ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും എന്ന വിവരവും സിപിഎം നേതാക്കളിൽ നിന്നും പുറത്തുവരുന്നുണ്ട്. തൽക്കാലം കീഴടങ്ങില്ലെന്നും, ഹൈക്കോടതിയുടെ കൂടി വിധി വന്നതിന് ശേഷമാകും കീഴടങ്ങലിനെ കുറിച്ച് ആലോചിക്കുക എന്നുമാണ് ദിവ്യയുമായി വളരെ അടുപ്പമുള്ളവർ പറയുന്നത്. അതുവരെ പി.പി ദിവ്യ ഒളിവിൽ കഴിയും.
സിപിഎമ്മിന്റെ ഒരു പ്രധാനപ്പെട്ട നേതാവ് ഇന്നലെ ദിവ്യയുമായി സംസാരിച്ചതായാണ് വിവരം. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാവുകയാണെങ്കിൽ കീഴടങ്ങണമെന്ന പാർട്ടിയുടെ നിർദേശം ഈ നേതാവ് കൈമാറിയത്രേ. എന്നാൽ പാർട്ടിയെ ധിക്കരിച്ച് സ്വന്തമായ എന്തെങ്കിലും തീരുമാനത്തിലേക്ക് പി.പി ദിവ്യ കടക്കുമോ എന്നാണ് കാണേണ്ടത്. പാർട്ടിയുടെ സംരക്ഷണയിൽ തന്നെയാണ് ദിവ്യ ഇപ്പോഴുമുള്ളത്. പാർട്ടി ഒരുക്കിയിട്ടുള്ള സ്ഥലത്താണ് ദിവ്യ ഒളിവിൽ കഴിയുന്നത്. പയ്യന്നൂരിലെ കാങ്കോലിനടുത്തുള്ള ആലമ്പടപ്പയിൽ ദിവ്യ ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരവും പുറത്തുവരുന്നുണ്ട്. പാർട്ടിക്ക് വലിയ സ്വാധീനമുള്ള, പാർട്ടി കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, പ്രതിപക്ഷം പോലുമില്ലാത്ത മേഖലയാണിത്.
ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി അഭിഭാഷകൻ കെ വിശ്വനും രംഗത്തെത്തിയിട്ടുണ്ട്. വിധിപ്പകർപ്പ് കിട്ടിയാലുടൻ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കുമെങ്കിൽ പിന്നെ കീഴടങ്ങേണ്ടല്ലോയെന്നും അഭിഭാഷകൻ പ്രതികരിച്ചു. ഇന്നലെ ദിവ്യ സഹകരണ ആശുപത്രിയിലെത്തി ചികിൽസ തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പി.പി ദിവ്യയെ ഇപ്പോൾ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് തടസങ്ങളില്ലെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
Source link