KERALAM

15പേരുടെ നില അതീവ ഗുരുതരം, നാലുപേർ വെന്റിലേറ്ററിൽ; ചൈനീസ് പടക്കമായതിനാൽ ഒഴിവായത് വൻ അപകടം

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ 15പേരുടെ നില ഗുരുതരം. കോഴിക്കോട് മിംസ് ആശുപത്രിയിൽ ആറുപേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഷിബിൻ രാജ്, വിഷ്‌‌ണു, ബിജു, രതീഷ് എന്നീ നാലുപേർ വെന്റിലേറ്ററിലാണ്.

27പേർ മംഗളൂരു എജെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ എട്ടുപേർ ഗുരുതരാവസ്ഥയിലാണ്. പരിയാരത്ത് ചികിത്സയിലുള്ള അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന 24പേരിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ള രണ്ടുപേരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ആകെ 97പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

അലക്ഷ്യമായി സ്ഥോടക വസ്‌തുക്കൾ കൈകാര്യം ചെയ്‌തതിന് എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്. ഏറ്റവും കുറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ പോലും പാലിച്ചില്ല, ഗുരുതര വീഴ്‌ചയാണ് സംഭവിച്ചതെന്നാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പ്രതികരിച്ചത്. പടക്കം സൂക്ഷിച്ച കലവറയിൽ നിന്ന് തന്നെ പടക്കം പൊട്ടിച്ചു. പടക്കം പൊട്ടിച്ചപ്പോൾ പോലും കലവറയ്‌ക്ക് മുന്നിൽ നിന്ന ആൾക്കൂട്ടത്തെ മാറ്റിയില്ല. ഒരു അനുമതിയും തേടിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

100 മീറ്റർ അകലം വേണമെന്ന് നിയമമുണ്ടായിട്ടും തൊട്ടടുത്ത് നിന്ന് പടക്കം പൊട്ടിച്ചു. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചുവെന്നും ജില്ലാ കളക്‌ടർ കെ ഇമ്പശേഖർ പറഞ്ഞു.

3000 രൂപയുടെ പടക്കങ്ങൾ മാത്രമാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നതെന്നാണ് ഭാരവാഹികൾ പറയുന്നത്. തോറ്റം ഇറങ്ങുമ്പോൾ പൊട്ടിക്കാൻ വാങ്ങിയതായിരുന്നു ഇവയെന്നും അവർ പറഞ്ഞു. ചൈനീസ് പടക്കങ്ങളായിരുന്നു വാങ്ങി വച്ചിരുന്നത്. ഇതിൽനിന്നുള്ള തീപ്പൊരിയാണ് അപകടത്തിന് കാരണമായത്. വീര്യം കുറഞ്ഞ ചൈനീസ് പടക്കങ്ങളായതിനാലാണ് ദുരന്തത്തിന്റെ വ്യാപ്‌തി കുറഞ്ഞത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് പടക്കശാലയ്ക്ക് തീപിടിക്കുകയായിരുന്നു.


Source link

Related Articles

Back to top button