പിപി ദിവ്യയ്ക്ക് വൻ തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി: ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചുമത്തിയ ആത്മഹത്യാപ്രേരണാകേസിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കേസ് വിളിച്ച് വെറും ഒന്നര മിനിറ്റ് കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്.
സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനാൽ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റിലേക്ക് നീങ്ങുകയോ ദിവ്യ കീഴടങ്ങുകയോ ചെയ്താൽ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കും. കോടതി നിർദേശപ്രകാരം ജയിലലേക്ക് അയയ്ക്കും.
ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ദിവ്യയ്ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഈ മാസം 17നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. 18ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചു. ജഡ്ജി കെടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ഏക പ്രതിയായ ദിവ്യയുടെ മൊഴി രേഖപ്പെടുത്താത്തതിനാൽ എ.ഡി.എമ്മിന്റെ മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നവീൻ ബാബുവിന്റെ കുടുബം രംഗത്തെത്തി. ആഗ്രഹിച്ച വിധിയാണിതെന്ന് കുടുംബം പ്രതികരിച്ചു. പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും അത് ചെയ്തില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും അവർ കൂട്ടിച്ചേർത്തു.
Source link