KERALAMLATEST NEWS

‘ആസൂത്രിതമായാണ് ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്, ദിവ്യയുടെ പങ്ക് വ്യക്തം’;വിധിയിൽ ഗുരുതര നിരീക്ഷണം

കണ്ണൂർ: പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ ഗുരുതര നിരീക്ഷണങ്ങൾ. എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന് പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതിഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഈ മാസം 17നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. കേസിൽ ദിവ്യ മാത്രമാണ് പ്രതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ യാത്രയയപ്പ് ചടങ്ങിൽ പറഞ്ഞ കൊള്ളിവാക്കുകളാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കാൻ കാരണമായതെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ പിപി ദിവ്യ ഒളിവിലാണ്. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് ഒരു തടസവുമില്ല.


Source link

Related Articles

Back to top button