പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി, പാർട്ടിയും സർക്കാരും നവീനിന്റെ കുടുംബത്തിനൊപ്പം
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയ കോടതിവിധി സ്വാഗതം ചെയ്യുന്നു. ജാമ്യഹർജി തള്ളിയാൽ അറസ്റ്റ് ചെയ്യുക എന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നവീൻബാബു വിഷയത്തിൽ പാർട്ടിയ്‌ക്കും സർക്കാരിനും ഒറ്റ നിലപാടേ ഉള്ളുവെന്നും പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഉദയഭാനു പറഞ്ഞു.
പൊലീസ് ആവശ്യമായ കാര്യങ്ങൾ ചെയ്യും. പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കും. ദിവ്യയുടെ സമീപനം അംഗീകരിക്കാനാവില്ല. കളക്‌ടറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണവും അന്വേഷിക്കണം. നവീൻ ബാബുവിനെ നന്നായറിയാം. ആർക്കും നവീനുണ്ടായ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും ഉദയഭാനു പ്രതികരിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചുമത്തിയ ആത്മഹത്യാപ്രേരണാകേസിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെയാണ് കോടതി തള്ളിയത്. കേസ് വിളിച്ച് വെറും ഒന്നര മിനിറ്റ് കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്.
Source link