ടോക്കിയോ : ജാപ്പനീസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാകാതെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി). 465 അംഗ പാർലമെന്റിൽ 233 സീറ്റാണ് ഭൂരിപക്ഷം. എൽ.ഡി.പി 191 സീറ്റുകളിലേക്ക് ചുരുങ്ങി. സഖ്യ കക്ഷിയായ കൊമീറ്റോ പാർട്ടിക്ക് 24 സീറ്റുണ്ട്.
30 ദിവസത്തിനുള്ളിൽ പാർലമെന്റ് ചേർന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ പാർട്ടിക്കോ സഖ്യത്തിനോ കേവല ഭൂരിപക്ഷമില്ലെങ്കിലും സർക്കാർ രൂപീകരിക്കാം. അധികാരത്തിൽ തുടരുമെന്ന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ പ്രതികരിച്ചു. ഫ്യൂമിയോ കിഷിദ രാജിവച്ചതോടെ ഈ മാസം ഒന്നിനാണ് ഇഷിബ ചുമതലയേറ്റത്. മറ്റു പാർട്ടികളുടെ പിന്തുണയോടെ എൽ.ഡി.പി ഭരണം നിലനിറുത്തിയേക്കും.
രണ്ടാം സ്ഥാനത്തുള്ള കൺസ്റ്റിറ്റൂഷണൽ ഡെമോക്രാറ്റിക് പാർട്ടിക്ക് (സി.ഡി.പി) 148 സീറ്റുകൾ ലഭിച്ചു. 2021ൽ എൽ.ഡി.പി 259 സീറ്റുകൾ നേടിയിരുന്നു. 2009ന് ശേഷം ആദ്യമായാണ് എൽ.ഡി.പിയ്ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായത്. അഴിമതി വിവാദങ്ങളും ജീവിതച്ചെലവ് കുതിച്ചുയർന്നതും ജാപ്പനീസ് ജനതയ്‌ക്കിടെയിൽ പാർട്ടിയ്ക്കുള്ള പിന്തുണ കുത്തനെ ഇടിയാൻ കാരണമായി.
Source link