വിമാനയാത്രയ്ക്കിടെ വളർത്തുനായ ചത്തു, എയർലൈൻസിനെതിരെ കേസുമായി ഉടമ

ന്യൂയോർക്ക്: വിമാനയാത്രയ്ക്കിടെ വളർത്തുനായ ചത്തതിനെ തുടർന്ന് അലാസ്ക എയർലൈൻസിനെതിരെ കേസ് നൽകി ഉടമ. യു.എസിലെ സാൻ ഫ്രാൻസിസ്കോ സ്വദേശിയായ മൈക്കൽ കോണ്ടില്ലോ ആണ് എയർലൈൻസിനെതിരെ നിയമപോരാട്ടം തുടങ്ങിയത്.

ഫെബ്രുവരി ഒന്നിന് ന്യൂയോർക്കിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹത്തിന്റെ ഫ്രഞ്ച് ബുൾഡോഗ് ഇനത്തിലെ ‘ആഷ്” എന്ന വളർത്തുനായ ചത്തത്. വിമാനജീവനക്കാരുടെ അശ്രദ്ധയാണ് ആഷിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് മൈക്കൽ ആരോപിക്കുന്നു. കോറ എന്ന മറ്റൊരു ഫ്രഞ്ച് ബുൾഡോഗും മൈക്കലിനൊപ്പം യാത്രയിലുണ്ടായിരുന്നു.

തന്റെ പ്രിയപ്പെട്ട വളർത്തുനായകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മൈക്കൽ അവർക്കായി ഫസ്റ്റ് ക്ലാസ് ടിക്കറ്റാണ് എടുത്തത്. യാത്രയ്ക്ക് മുമ്പ് വെറ്ററിനറി ഡോക്ടറുടെ അരികിലെത്തിച്ച് ഇരു നായകൾക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് മൈക്കലിന്റെ അരികിൽ നിന്ന് ജീവനക്കാർ നായകളെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇക്കോണമി ക്ലാസിലേക്ക് മാറ്റി. മൈക്കൽ എതിർത്തെങ്കിലും ഫലമുണ്ടായില്ല.

മൈക്കലിൽ നിന്ന് അകറ്റിയതോടെ ആഷ് പരിഭ്രാന്തനായി. നായയ്ക്ക് ശ്വാസതടസം അടക്കമുള്ള പ്രശ്നങ്ങളും നേരിട്ടു. വിമാനം സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് മൈക്കലിന് തന്റെ വളർത്തുനായകളെ കാണാനായത്. അപ്പോഴേക്കും ആഷ് ചലനമറ്റ് കിടക്കുന്നതാണ് മൈക്കൽ കണ്ടത്. അശ്രദ്ധ, ജീവനക്കാരുടെ വീഴ്ച തുടങ്ങി നിരവധി കാരണങ്ങൾ ഉന്നയിച്ച് സമർപ്പിച്ച പരാതിയിൽ എയർലൈൻ നഷ്ടപരിഹാരം നൽകണമെന്നും മൈക്കൽ ആവശ്യപ്പെട്ടു. ആഷിന്റെ വേർപാട് തന്നെ മാനസികമായി തളർത്തിയെന്നും മൈക്കൽ പറയുന്നു.


Source link
Exit mobile version