നടി രവീണ രവി വിവാഹിതയാകുന്നു; വരൻ ‘വാലാട്ടി’ സംവിധായകൻ ദേവൻ

ഡബ്ബിങ് ആർടിസ്റ്റും തെന്നിന്ത്യൻ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ദേവൻ ജയകുമാർ ആണ് വരൻ. സമൂഹ മാധ്യമങ്ങളിലൂെടയാണ് ഇരുവരും പ്രണയ വാർത്ത സ്ഥിരീകരിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി. ആറാമത്തെ വയസ്സിൽ വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ എഫ്ഐആർ എന്ന ചിത്രത്തിലും ശബ്ദം പകർന്നു. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2013ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് സജീവമായി. ഭാസ്ക്കർ ദ് റാസ്ക്കൽ, ലൗ ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം പകർന്നതുൾപ്പെടെ മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്.

ദേവൻ സംവിധാനം ചെയ്ത വാലാട്ടിയിലും രവീണ ഡബ്ബ് ചെയ്തിരുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ കല്യാണി പ്രിയദർശനു ഡബ്ബ് ചെയ്തതും രവീണയാണ്.

ഫഹദ് ഫാസിലിനൊപ്പം രവീണ (1), അമ്മ ശ്രീജ രവിക്കൊപ്പം (2)

ഒരു കിടയിൻ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചു. തുടർന്ന് റോക്കി, ലവ് ടുഡേ, മാമന്നൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ രവീണ അഭിനയിച്ചു. നിത്യഹരിത നായകൻ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും (ജയകുമാർ) ശ്രീകലയുടെയും മകനാണ് ദേവൻ. 2011ൽ ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവൻ കലാരംഗത്ത് തുടക്കംകുറിച്ചത്. അതിനുശേഷം ഹലോ നമസ്തേ എന്ന സിനിമയിൽ ക്രിയേറ്റീവ് ഡയറക്റ്ററായി സിനിമാ രംഗത്തേയ്ക്ക്. ‘വാലാട്ടി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി . ഫർസി, ജൂബ്‌ലി എന്നീ ഹിന്ദി സീരീസുകളുടെ മലയാളം മൊഴിമാറ്റത്തിന് ഡയലോഗുകൾ എഴുതിയത് ദേവനായിരുന്നു. ഫർസിയിലെ ജമാൽ എന്ന കഥാപാത്രത്തിന് മലയാളം ഡബ്ബിങിൽ ശബ്ദം പകർന്നത് ദേവനായിരുന്നു.

English Summary:
Raveena Ravi Engaged! South Indian Actress To Wed Malayalam Director Devan Jayakumar


Source link
Exit mobile version