ട്രംപിന്റെ റാലിയിൽ മെലാനിയയുടെ മാസ് എൻട്രി

വാഷിംഗ്ടൺ: പാട്ടിനൊത്ത് നൃത്തച്ചുവടുവച്ച ഡൊണാൾഡ് ട്രംപിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചും അദ്ദേഹത്തിനായി വോട്ടഭ്യർത്ഥിച്ചും പ്രചാരണ റാലിയിൽ താരമായി ഭാര്യ മെലാനിയ. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന വമ്പൻ റാലിയിലാണ് മെലാനിയയുടെ സർപ്രൈസ് എൻട്രി.

പൊതുപരിപാടികളിൽ നിന്ന് പരമാവധി അകലം പാലിച്ച് മകൻ ബാരണിന്റെ (18) പഠന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുകയാണ് മെലാനിയ. ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോൺ മസ്കാണ് മെലാനിയയെ വേദിയിലേക്ക് ക്ഷണിച്ചത്.

ബൈഡൻ ഭരണകൂടത്തിന് കീഴിൽ ജീവിത നിലവാരം താഴ്ന്നെന്നും രാജ്യം സാമ്പത്തിക അസ്ഥിരത നേരിടുന്നതായും മെലാനിയ പറഞ്ഞു. പഴയ അമേരിക്കയെ തിരിച്ചുപിടിക്കണമെന്നും അഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ആഹ്വാനം ചെയ്തു.

രണ്ടാം പ്രസിഡൻഷ്യൽ ഊഴത്തിനായുള്ള ട്രംപിന്റെ പ്രചാരണ പരിപാടിയിൽ ആദ്യമായാണ് മെലാനിയ സംസാരിച്ചത്.

ജൂലായിൽ ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് നോമിനിയായി പ്രഖ്യാപിച്ച നാഷണൽ കൺവെൻഷനിൽ മെലാനിയ പങ്കെടുത്തെങ്കിലും പ്രസംഗിച്ചിരുന്നില്ല. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54കാരിയായ മെലാനിയ.

റസ്‌ലിംഗ് താരം ഹൾക്ക് ഹോഗൻ, മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദര പുത്രൻ റോബർട്ട് എഫ്. കെന്നഡി ജൂനിയർ,​ അവതാരകൻ ടക്കർ കാൾസൺ തുടങ്ങിയ പ്രമുഖരും റാലിയിൽ അണിനിരന്നു.

 നിക്‌സണെ വീഴ്‌ത്തിയ വാട്ടർഗേറ്റ് !

യു.എസിന്റെ ചരിത്രത്തിൽ ഒരു പ്രസിഡന്റ് മാത്രമാണ് പദവിയിലിരിക്കെ രാജിവച്ചത്. 37 -ാം പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ആണത്. ഏറെ കോളിളക്കം സൃഷ്ടിച്ച ‘ വാട്ടർ ഗേറ്റ് ” വിവാദമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. 1972ൽ,​ റിച്ചാർഡ് നെൽസണെ വീണ്ടും അധികാരത്തിലെത്തിക്കാൻ വേണ്ടി രൂപീകരിച്ച കമ്മിറ്റിയിലെ അംഗമുൾപ്പെടെ അഞ്ച് പേരെ ഡെമോക്രാറ്റിക് പാർട്ടിയുടെ വാഷിംഗ്ടണിലെ വാട്ടർഗേറ്റ് കോംപ്ലസിലെ ഓഫീസിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

നാലു മാസത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ നിക്സൺ. അറസ്റ്റ് ചെയ്യപ്പെട്ടവർ നിക്സണിനു വേണ്ടി ഡെമോക്രാറ്റുകളുടെ ഓഫീസിൽ കയറുകയായിരുന്നു. വിവരങ്ങൾ ചോർത്താനുള്ള ഉപകരണങ്ങൾ പൊലീസ് ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെത്തി. ഡെമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ ചോർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ അറിവോടെയാണ് വൻ ഗൂഢാലോചന നടന്നതെന്ന് ആരോപിക്കപ്പെട്ടു. ആരോപണങ്ങളെല്ലാം നിക്സൺ ആദ്യം തള്ളി. നിക്സണും സി.ഐ.എയും പൊലീസ് അന്വേഷണത്തിൽ ഇടപ്പെട്ടെന്നും വാദമുയർന്നു. തിരഞ്ഞെടുപ്പിൽ നിക്സൺ വിജയിച്ചതോടെ വിവാദം ആളിക്കത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൂഢാലോചനയും ചാരപ്രവർത്തനവും നടന്നെന്ന് കോടതി കണ്ടെത്തി.

നിക്സണിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉൾപ്പെട്ട ഗൂഢാലോചനക്കേസ് സെനറ്റിലെത്തി. ഒടുവിൽ 1974ൽ നിക്സണെതിരെ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ ഇംപീച്ച്മെന്റിന് മുമ്പ് 1974 ആഗസ്റ്റ് 9ന് രാജി വച്ച് നിക്സൺ രക്ഷപ്പെട്ടു. വൈസ് പ്രസിഡന്റ് ആയിരുന്ന ജെറാൾഡ് ഫോർഡ് ആറാഴ്ചയ്ക്ക് ശേഷം പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. 1994ൽ നിക്സൺ അന്തരിച്ചു.


Source link
Exit mobile version