നെടുങ്കണ്ടം: രണ്ടര മാസം മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ കൊന്നതെന്നാണ് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയേയും കൊലപാതകം മറയ്ക്കാൻ ശ്രമിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ അമ്മ ഉടുമ്പൻചോല ചെമ്മണ്ണാർ പുത്തൻപുരക്കൽ ചിഞ്ചു(27), ചിഞ്ചുവിന്റെ അച്ഛൻ ശലോമോൻ(64), അമ്മ ഫിലോമിന( ജാൻസി,56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി കരഞ്ഞതിന്റെ ദേഷ്യത്തിൽ 59 ദിവസം പ്രായമായ ആൺകുഞ്ഞിനെ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ നാലോടെ ചിഞ്ചുവിന്റെ അമ്മ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നായിരുന്ന ശലോമോൻ അന്ന് പറഞ്ഞിരുന്നത്. തുടർന്ന് ഉടുമ്പൻചോലപൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ രാവിലെ എട്ടോടെ വീട്ടിൽ നിന്ന് 300 മീറ്റർ മാറി തോട്ടുവക്കത്ത് ഏലത്തോട്ടത്തിൽ നവജാത ശിശുവിനെ മരിച്ച നിലയിലും ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
മരിച്ചു പോയ അയൽവാസി വിളിച്ചെന്ന് തോന്നിയതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പിന്നീട് പറഞ്ഞത്. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ശാലോമോനും മൊഴി നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫിലോമിനയെ ഡിസ്ചാർജ് ചെയ്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂവരേയും പലവട്ടം ചോദ്യം ചെയ്‌പ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവം ദിവസം രാത്രി കുഞ്ഞ് വിശന്നു കരഞ്ഞു. കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അകത്തേക്ക് പോയപ്പോൾ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് മനസ്സിലായതോടെ പിന്നീട് കഥ മെനയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻന്റ് ചെയ്തു. ഈട്ടിത്തോപ്പിലെ ഭർതൃഗൃഹത്തിൽ നിന്ന് പ്രസവത്തിനായാണ് ചിഞ്ചു സ്വന്തം വീട്ടിലെത്തിയത്. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുട്ടിയാണ് മരിച്ചത്.
Source link