KERALAMLATEST NEWS

കൊച്ചിയിൽ കെഎസ്‌ആർടിസി വോൾവോ ബസ് കത്തിയമർന്ന സംഭവം; പൊലീസ് കേസെടുത്തു

കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആർടിസിയുടെ വോൾവോ എസി ലോ ഫ്ലോർ ബസ് കത്തിയമർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോ‌ർട്ട് ഉടൻ നൽകും. എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ബസിൽ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ട് 3.10ഓടെ എറണാകുളം ചിറ്റൂർ റോഡിലെ കാരിക്കാമുറി ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാരെയെല്ലാം വേഗത്തിൽ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു. 30ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

യാത്രയ്ക്കിടെ പൊടുന്നനെ എസി നിന്നുപോയി. എന്തുപറ്റിയെന്ന് ആശങ്കപ്പെട്ടിരിക്കെയാണ് എൻജിൻഭാഗത്ത് നിന്ന് കറുത്തപുക ഉയരുന്നതായി പിന്നിലൂടെവന്ന ബൈക്ക് യാത്രികൻ അറിയിച്ചത്. വോൾവോ ബസിന്റെ പിന്നിലാണ് എൻജിൻ. തുടർന്ന് ബസ് റോഡിൽ നിറുത്തി യാത്രക്കാരെയെല്ലാം പുറത്തിറക്കി. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നുവെന്ന് ബസിലെ കണ്ടക്‌ടർ കെ എം രാജു പറഞ്ഞു.

എറണാകുളം കെഎസ്‌ആർടി സ്റ്റാൻഡിൽ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്കുള്ള ബസിന്റെ നാലാമത്തെ ട്രിപ്പായിരുന്നു അപകടത്തിൽപ്പെട്ടത്. തുടർന്ന് ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമെത്തിയാണ് നിമിഷങ്ങൾക്കകം തീ നിയന്ത്രണവിധേയമാക്കിയത്.

ബസിന്റെ പിൻഭാഗം പൂർണമായും തീപിടിച്ചതോടെ കറുത്തപുഴ പ്രദേശമാകെ പരന്നു. വൈദ്യുത പോസ്റ്റിനോട് ചേർന്നായിരുന്നു ബസ്. തീ കൊണ്ട് കേബിളുകൾ ഉരുകി പൊട്ടിവീഴുമോയെന്നും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുമോയെന്നും ആശങ്കയുയർന്നു. വൈകാതെ ഈ ഭാഗത്ത വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പുറപ്പെട്ട ഉടനെയായിരുന്നതിനാൽ യാത്രക്കാരിൽ 15 പേർക്കേ ടിക്കറ്റ് നൽകിയിരുന്നുള്ളൂ. 10വർഷത്തിലധികം പഴക്കമുള്ളതാണ് ബസ്. അപകടത്തെതുടർന്ന് മേഖലയിൽ ഗതാഗതം താറുമാറായി.


Source link

Related Articles

Back to top button