KERALAMLATEST NEWS

വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പൈലറ്റ് വാഹനം സഡൻ ബ്രേക്കിട്ടത്തോടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച കാറും കൂട്ടിയിടിയിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ കാറിനടക്കം നേരിയ കേടുപാടുണ്ട്. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 5.44ന് വാമനപുരം പാർക്ക് ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രി.

വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലൻസും അപകടത്തിൽപെട്ടു. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകാനായി ഇൻഡിക്കേറ്ററിട്ട് സ്‌കൂട്ടർ യാത്രക്കാരി തിരിയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വേഗത്തിൽ എത്തിയത്. സ്കൂട്ടറിൽ ഇടിക്കാതിരിക്കാനായി മുന്നിലുണ്ടായിരുന്ന ബൊലേറോ ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടു. തുടർന്ന് തൊട്ടുപിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ കാറടക്കം ബ്രേക്കിട്ടതോടെ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

എസ്.പി അന്വേഷിക്കും

അപകടം സംബന്ധിച്ച് റൂറൽ എസ്.പി കിരൺ നാരായണന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മിഷണർ ജി.ജയദേവ് റിപ്പോർട്ട് തേടി.


Source link

Related Articles

Back to top button