പി.എച്ച്.സനൽകുമാർ | Tuesday 29 October, 2024 | 1:57 AM
തിരുവനന്തപുരം: നിലവിലെ താരിഫിന്റെ കാലാവധി നാളെ തീരുന്നതിനാൽ 2024-25 വർഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്ന് തീരുമാനമെടുക്കും. ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്കു വർദ്ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് വിവിധ ജില്ലകളിൽ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷൻ അന്തിമ താരിഫ് നിർണയിച്ചത്. പൊതുതെളിവെടുപ്പിൽ വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ വൻ ജനരോഷം ഉയർന്നിരുന്നു. അതും കമ്മിഷൻ പരിഗണിച്ചിട്ടുണ്ട്. സമ്മർ താരിഫ് ഏർപ്പെടുത്തുന്നതിനോട് കമ്മിഷനും സർക്കാരിനും യോജിപ്പില്ല.
ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താരിഫ് പ്രഖ്യാപനത്തിന് തടസമാകുമോ എന്നറിയാൻ നിയമവകുപ്പിന്റേയും തിരഞ്ഞെടുപ്പ് കമ്മിഷന്റേയും ഉപദേശം കമ്മിഷൻ തേടിയിട്ടുണ്ട്. ഇന്ന് ഇത് ചർച്ച ചെയ്തശേഷം പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തടസമില്ലെങ്കിൽ ഉടൻ പുതിയ നിരക്ക് പ്രഖ്യാപിച്ച് നവംബർ ഒന്നുമുതൽ പ്രാബല്യത്തിലാക്കാനാണ് കമ്മിഷൻ തീരുമാനം.
യൂണിറ്രിന് 10 പൈസ മുതൽ
30 വരെ വർദ്ധനയ്ക്ക് ശുപാർശ
1.അൻപത് യൂണിറ്റുവരെ പ്രതിമാസ ഉപഭോഗമുള്ളവർക്ക് യൂണിറ്റിന് 10 പൈസ, 150 യൂണിറ്റു വരെ 20 പൈസ, 200 യൂണിറ്റുവരെ 25 പൈസ, 250 യൂണിറ്രിന് മുകളിൽ 30 പൈസ വർദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാർശ. ഫിക്സഡ് ചാർജ് വർദ്ധിപ്പിക്കണമെന്നും ആവശ്യമുണ്ട്.
2.എന്നാൽ, വർദ്ധിപ്പിക്കുന്ന നിരക്ക് രാത്രികാലത്ത് മാത്രം ഇൗടാക്കിയാൽ മതിയെന്നും പകൽ സമയത്ത് നിരക്ക് കുറയ്ക്കണമെന്നുമാണ് സർക്കാർ നിലപാട്. സമ്മർ താരിഫ് എന്ന ആശയത്തോടും യോജിക്കുന്നില്ല
വർദ്ധന നേരത്തെ രണ്ടുതവണ
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2022 ജൂൺ 26നും 2023 നവംബർ ഒന്നിനും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 40 യൂണിറ്റ് പ്രതിമാസ ഉപയോഗമുള്ള ബി.പി.എൽ വിഭാഗത്തെ വർദ്ധനവിൽ നിന്ന് രണ്ടുതവണയും ഒഴിവാക്കിയിരുന്നു. മറ്റുള്ളവർക്ക് 10 പൈസ മുതൽ 90 പൈസ വരെയാണ് വർദ്ധിപ്പിച്ചത്.
Source link