‘ധോണിക്ക് ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് സാക്ഷി’, ഭാര്യയുമൊത്തുള്ള രസകരമായ സംഭവം പങ്കുവെച്ച് ക്യാപ്റ്റന്‍ കൂള്‍

ഡി.ആര്‍.എസ് എന്നാല്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം അല്ല ധോണി റിവ്യൂ സിസ്റ്റം എന്നാണ് പറയാറുള്ളത്. ക്രിക്കറ്റ് മൈതാനത്ത് അമ്പയര്‍മാരുടെ തീരുമാനത്തെ ധോണി റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിന്റെ അര്‍ത്ഥം അമ്പയര്‍ക്ക് തെറ്റുപറ്റിയിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ്. ഒരു തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ധോണി പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അമ്പയറുടെ തീരുമാനം ശരിയാണെന്നാണ്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ അത്രയേറെ സുക്ഷ്മതയുണ്ട് മുന്‍ ഇന്ത്യന്‍ നായകന്. അമ്പയറുടെ തീരുമാനമല്ല ധോണിയുടെ തീരുമാനമാണ് ശരിയെന്ന് തെളിഞ്ഞ എത്രയോ ഉദാഹരണങ്ങളുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലായാലും ഇന്ത്യന്‍ ടീമിലായാലും കളത്തില്‍ ധോണിയുണ്ടെങ്കില്‍ മറ്റൊരാളാണ് ക്യാപ്റ്റനെങ്കിലും അന്തിമ തീരുമാനം ധോണി പറയുന്നത് പോലെയാണ് ഡിആര്‍എസുകളുടെ കാര്യത്തില്‍. ഈ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയിലെ ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. പക്ഷേ ക്രിക്കറ്റിന്റെ കാര്യത്തില്‍ ധോണി പറയുന്നത് ശരിയല്ലെന്ന അഭിപ്രായമുള്ള ഒരാളുണ്ട്. അത് മറ്റാരുമല്ല ധോണിയുടെ ഭാര്യ സാക്ഷി തന്നെയാണ്. ഇത്തരത്തില്‍ ഭാര്യക്കൊപ്പമുള്ള രസകരമായ ഒരു സംഭവം വിവരിക്കുകയാണ് എംഎസ്ഡി.

സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ധോണിയുടെ വാക്കുകള്‍ ഇങ്ങനെ: ഒരിക്കല്‍ വീട്ടിലിരുന്ന് ഞാന്‍ ഒരു ക്രിക്കറ്റ് മത്സരം കാണുകയായിരുന്നു, എനിക്ക് തോന്നുന്നു അതൊരു ഏകദിന മത്സരമായിരുന്നു. എന്റെ ഒപ്പം സാക്ഷിയും ഉണ്ടായിരുന്നു. സാധാരണ വീട്ടില്‍ ഞാനും സാക്ഷിയും തമ്മില്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാറില്ല. ബൗളര്‍ പന്തെറിഞ്ഞു, അതൊരു വൈഡായിരുന്നു. ക്രീസില്‍ നിന്ന് പുറത്തേക്കിറങ്ങി ബാറ്റര്‍ പന്ത് നേരിടാന്‍ ശ്രമിച്ചെങ്കിലും സ്റ്റംപ്ഡ് ആകുകയായിരുന്നു.

അമ്പയര്‍ അതിന്റെ റിവ്യൂ തേഡ് അമ്പയര്‍ക്ക് വിട്ടു. അപ്പോഴേക്കും എന്റെ ഭാര്യ പറഞ്ഞു അത് ഔട്ട് അല്ല എന്ന്. സാക്ഷി അത് പറയുമ്പോള്‍ തന്നെ ബാറ്റര്‍ തിരികെ പവിലിയനിലേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു. നിങ്ങള്‍ നോക്കിക്കോളൂ അവര്‍ ബാറ്ററെ തിരികെ വിളിക്കും. വൈഡ് ബോളില്‍ സ്റ്റംപിങ് ചെയ്യാന്‍ പറ്റില്ലല്ലോ. അപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു അങ്ങനെയല്ല വൈഡ് ബോളില്‍ സ്റ്റംപിങ് ചെയ്യാം നോബോളില്‍ ആണ് അത് പറ്റാത്തത് എന്ന്. ഉടനെ അവള്‍ മറുപടി പറഞ്ഞത് നിങ്ങള്‍ക്ക് ഒന്നും അറിയില്ല എന്നാണ്. നിങ്ങള്‍ പറയുന്നത് പോലെയല്ല നോക്കിക്കോളൂ തേഡ് അമ്പയര്‍ ബാറ്ററെ തിരികെ വിളിക്കും.

സാക്ഷി ഇത്രയും പറഞ്ഞപ്പോള്‍ ബാറ്റര്‍ ബൗണ്ടറി ലൈനില്‍ എത്തിയിരുന്നു, മാത്രമല്ല അടുത്ത ബാറ്റര്‍ ഗ്രൗണ്ടിലേക്ക് നടക്കുന്നുമുണ്ടായിരുന്നു. ഒടുവില്‍ പുതിയ ബാറ്റര്‍ എത്തിയിട്ടും സാക്ഷി തന്റെ നിലപാടില്‍ ഉറച്ച് നിന്നു. നോക്കൂ ഇതില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് അവള്‍ എന്നോട് പറഞ്ഞത്.


Source link
Exit mobile version