KERALAM

500ന്റെ 11 നോട്ടുകളുമായി യുവാവ് ബാങ്കിലെത്തി, നാട്ടുകാര്‍ക്കും കിട്ടി വഴിയരികില്‍ നിന്ന് പണം

കൊച്ചി: സഹകരണ ബാങ്കില്‍ വ്യാജ നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ലോട്ടറി വില്‍പ്പനക്കാരനായ കുന്നുകര സ്വദേശി ശ്രീനാഥ് (32) ആണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ 500ന്റെ 11 വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനാണ് യുവാവ് എത്തിയത്. പണം ബാങ്കില്‍ ഏല്‍പ്പിച്ച ശേഷം ശ്രീനാഥ് സ്ഥലത്ത് നിന്ന് മടങ്ങിയെങ്കിലും സംശയം തോന്നിയ ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഗോത്തുരുത്തില്‍ നിന്നാണ് ശ്രീനാഥിനെ ഇന്‍സ്‌പെക്ടര്‍ സോണി മത്തായിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ലോട്ടറി വില്‍പ്പനക്കാരനായ തനിക്ക് കച്ചവടം നടത്തുന്നതിനിടെ വഴിയരികില്‍ നിന്നാണ് പണം ലഭിച്ചതെന്നും തുടര്‍ന്നാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയ ശ്രീനാഥിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

പ്രതിയില്‍ നിന്ന് നോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കുന്നുകര സ്‌കൂളിന് സമീപത്ത് വഴിയരികില്‍ നിന്ന് നാട്ടുകാരില്‍ ചിലര്‍ക്കും വ്യാജ നോട്ടുകള്‍ കിട്ടിയതായി പൊലീസില്‍ അറിയിച്ചു. 500ന്റെ കറന്‍സി നോട്ടാണ് എല്ലാവര്‍ക്കും കിട്ടിയത്. ഈ പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കള്ളനോട്ട് ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വ്യാജ നോട്ടുകള്‍ പിടികൂടാന്‍ ഇടയായതോടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ എസ്.ഐമാരായ സതീഷ് കുമാര്‍, നൗഷാദ്, സീനിയര്‍ സി. പി. ഒ മാരായ കിഷോര്‍, ജോയി ചെറിയാന്‍, സി.പി.ഒ മാരായ വിബിന്‍ദാസ്, രഞ്ജിത്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Source link

Related Articles

Back to top button