തേജസ്വി സൂര്യ ഇനി ‘അയെൺ മാൻ’: നേട്ടം കൈവരിക്കുന്ന ആദ്യത്തെ പാർലമെന്റ് അംഗം, അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: ലോകത്തെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ ‘അയെൺ മാൻ’ മത്സരത്തിൽ ലക്ഷ്യം കൈവരിച്ച് ബിജെപി എംപി തേജസ്വി സൂര്യ. 1.9 കിലോ മീറ്റർ നീന്തൽ, 90 കിലോ മീറ്റർ സൈക്ലിംഗ്, 21.1 കിലോ മീറ്റർ ഓട്ടം എന്നിവയാണ് ‘അയെൺ മാൻ’ മത്സരത്തിൽ ഉൾപ്പെടുന്നത്. ഗോവയിൽ നടന്ന മത്സരത്തിലാണ് 33കാരനായ തേജസ്വി പങ്കെടുത്തത്. ഇത് ആദ്യമായാണ് ഒരു പാർലമെന്റ് അംഗം ‘അയെൺ മാൻ’ മത്സരത്തിൽ പങ്കെടുക്കുന്നത്. ബംഗളൂരു സൗത്ത് മണ്ഡലത്തിലെ എംപിയായ തേജസ്വി ബിജെപിയുടെ യുവ നേതാവ് കൂടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഫിറ്റ് ഇന്ത്യ’ മുന്നേറ്റമാണ് തനിക്ക് ഈ നേട്ടം സ്വന്തമാക്കാൻ പ്രചോദനമായതെന്ന് തേജസ്വി സൂര്യ പറഞ്ഞു. പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി എക്സിൽ രംഗത്തെത്തി. തേജസ്വിയുടെ മത്സരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച മോദി, രാജ്യത്തെ നിരവധി യുവാക്കൾക്ക് തേജസ്വി പ്രചോദനമാകുമെന്ന് കുറിച്ചു.
അയെൺ മാൻ മത്സരത്തിന് മുന്നോടിയായി വലിയ തയ്യാറെടുപ്പുകളാണ് തേജസ്വി നടത്തിയത്. ഫിറ്റ്‌നെസ് മെച്ചപ്പെടുത്താൻ കഴിഞ്ഞ നാല് മാസത്തോളമായി പ്രെയത്നിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘വലിയ അഭിലാഷങ്ങൾ പിന്തുടരുന്ന യുവ രാഷ്ട്രമെന്ന നിലയിൽ, നാം നമ്മുടെ ശാരീരിക ക്ഷമത പരിപോഷിപ്പിക്കുകയും കൂടുതൽ ആരോഗ്യമുള്ള രാജ്യമാകുകയും വേണം. ഫിറ്റാകാനുള്ള ശ്രമം നിങ്ങളിൽ കൂടുതൽ അച്ചടക്കവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നു, നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു കാര്യത്തിലും വിജയസാദ്ധ്യത വർദ്ധിപ്പിക്കാൻ ഫിറ്റ്‌നെസ് സഹായിക്കുന്നു’- അദ്ദേഹം എക്സിൽ കുറിച്ചു.
Source link