KERALAMLATEST NEWS

രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാൻ ചിലർ, അതിരുവിടുന്നുണ്ട്; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത സെക്രട്ടറി

കോഴിക്കോട്: മുസ്ലീം ലീഗിനും സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കുമെതിരെ പരോക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാൻ ചിലരുണ്ടെന്നും യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ടെന്നാണ് വിമർശനം. ഒരിടവേളയ്ക്ക് ശേഷമാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നം വീണ്ടും ഉയർന്നുവരുന്നത്.

‘ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെയാണ് പലരും ഖാസിമാരാകുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ അത് തുറന്നുപറയും. ആരെയും പേടിച്ചിട്ടല്ല, ജനങ്ങളുടെയിടയിൽ പ്രശ്നങ്ങളുണ്ടാക്കേണ്ടെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. ‘- അദ്ദേഹം പറഞ്ഞു. മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കവേയാണ് ഉമർ ഫൈസിയുടെ വിമർശനം.

‘പണ്ട് സമസ്ത എന്ത് പറയുന്നോ അതിനൊപ്പം സംഘടനകൾ നിൽക്കുമായിരുന്നു. ഇന്ന് അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വേറെ സംഗതിയുണ്ടാക്കുകയാണ്. നമ്മളുടെയടുത്ത് ആയുധങ്ങളുണ്ട്. അവർ കരുതിയിരുന്നുകൊള്ളണം. അത് ദുരപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോൾ അതെടുക്കുമെന്ന് കരുതുന്നത് നല്ലതാണ്. എല്ലാവരുമായും സഹകരിച്ചുപോകുന്നത് രാഷ്ട്രീയ പാർട്ടിക്കാർക്കും നല്ലതാണ്.’- എന്നാണ് അദ്ദേഹം പറയുന്നത്.

സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെയും അദ്ദേഹം വിമർശിച്ചു. കോർഡിനേഷൻ ഒഫ് ഇസ്ലാമിക് കോളേജസ് (സിഐസി) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കണമെന്നും പറഞ്ഞു.


Source link

Related Articles

Back to top button